ഹൂസ്റ്റൺ: ടെക്സസിലെ ഹൂസ്റ്റണിൽ സെന്‍റ് ജോസഫ് സീറോ മലബാർ ഫൊറോന ആതിഥേയരായ ഷിക്കാഗോ രൂപതയുടെ ഏഴാമത് സീറോ മലബാർ കൺവൻഷന്‍റെ സുവനീർ പുറത്തിറക്കി. ഓഗസ്റ്റ് 23ന് ദിവ്യബലിയോടനുബന്ധിച്ച് കൺവൻഷന്‍റെ ജനറൽ കൺവീനർ മാർ ജോയ് ആലപ്പാട്ട് സുവനീറിന്‍റെ ആദ്യപ്രതി സുവനീർ കമ്മിറ്റി ചെയർമാൻ ഡോ. എം.കെ. മൈക്കിളിനു നല്കി പ്രകാശനം ചെയ്തു.

കൺവൻഷൻ കൺവീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ജോയിന്‍റ് കൺവീനർ ഫാ. രാജീവ് വലിയവീട്ടിൽ, ചെയർമാൻ അലക്സാണ്ടർ കുടക്കച്ചിറ, വൈസ് ചെയർമാൻമാരായ ബാബു പുല്ലാട്ട്, ജോസ് മണക്കളം, സെക്രട്ടറി ഡോ. പോൾ ജോസഫ് പലക്കാപ്പള്ളി എന്നിവർ പ്രകാശനചടങ്ങിനു സാക്ഷ്യംവഹിച്ചു.

കൺവൻഷൻ വൻവിജയമാക്കാൻ പ്രയത്നിച്ച കൺവൻഷൻ കമ്മിറ്റി അംഗങ്ങളെയും മനോഹരമായ സുവനീർ തയാറാക്കിയ സുവനീർ കമ്മിറ്റിയെയും മാർ ജോയ് ആലപ്പാട്ട് അഭിനന്ദിച്ചു. ഇതിന്‍റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും കൺവൻഷൻ കൺവീനർ കൂടിയായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ നന്ദിപറഞ്ഞു.

അമേരിക്കന്‍ മണ്ണിലെ ഏറ്റവും വലിയ സീറോ മലബാര്‍ സംഗമത്തിനാണ് 2019 ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണ്‍ സാക്ഷ്യം വഹിച്ചത്. “മാര്‍ത്തോമാ മാര്‍ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗം; ഉണര്‍ന്നു പ്രശോഭിക്കുക’ എന്ന ആപ്തവാക്യവുമായി നടന്ന സീറോ മലബാര്‍ കൺവൻഷനിൽ അമേരിക്കയിലെ നാല്പതു ഇടവകകകളില്‍ നിന്നും നാലപ്പത്തഞ്ചു മിഷനുകളിലിനിന്നുമായി നാലായിരത്തില്‍ പരം വിശ്വാസികള്‍ സമ്മേളിച്ചു.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിതെളിയിച്ച കണ്‍വന്‍ഷനിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഷിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, മയാമി പെന്‍സകോല രൂപതാ ബിഷപ്പ് വില്യം വോക്ക്, തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍, ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ റവ. ഫാ. തോമസ് കടുകപ്പള്ളി, രൂപതാ ചാന്‍സലര്‍ ജോണിക്കുട്ടി പുലിശേരി, രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി തുടങ്ങിയവർ ആത്മീയനേതൃത്വം വഹിച്ചു.

പ്രശസ്ത വചന പ്രോഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്‍റെ ബൈബിള്‍ പ്രഭാഷണങ്ങള്‍ കണ്‍വന്‍ഷനു ആത്മീയഉണര്‍വേകി. ജസ്റ്റീസ് കുര്യന്‍ ജോസഫ്, സുവിശേഷ പ്രാസംഗിക ക്രിസ്റ്റീന ശ്രീനിവാസന്‍ (മോഹിനി), പ്രശസ്ത പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്‍റ് ഹോണ്‍, പോള്‍ കിം, ജാക്കി ഫ്രാങ്കോയിസ് എയ്ഞ്ചല്‍, പാറ്റി ഷീനിയര്‍, ഡോ. ജെയ്‌സി എ. ജോസഫ്, മാത്യു ജേക്കബ് തുടങ്ങി നിരവധി പ്രഭാഷകര്‍ ആത്മീയ വേദികള്‍ പങ്കിട്ടു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സെമിനാറുകളും കലാകായിക പരിപാടികളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ കൺവൻഷന്‍റെ ഭാഗമായി നടന്നു. തൈക്കൂടം ബ്രിഡ്ജിന്‍റെ സംഗീതനിശയും കൺവൻഷന് പകിട്ടേകി.

അമേരിക്കയിലെതന്നെ മഹാനഗരങ്ങളിൽ ഒന്നായ ഹൂസ്റ്റണിന്‍റെ ഹൃദയഭാഗത്തുള്ള ഹിൽട്ടൺ അമേരിക്കാസ് ആൻഡ് ജോർജ് ആർ. ബ്രൗൺ കൺവൻഷൻ സെന്‍റർ സമുച്ചയത്തിൽ നടന്ന കൺവൻഷന്‍റെ വിജയത്തിനായി ആതിഥേയരായ സെന്‍റ് ജോസഫ് ഇടവകയിലെ 150-ഓളം വരുന്ന ഉപസമിതിയംഗങ്ങൾ 18 മാസത്തോളം വിശ്രമമില്ലാതെയാണ് പ്രയത്നിച്ചത്. കൺവൻഷനിൽ പങ്കെടുത്തവർക്കുള്ള ഭക്ഷണക്രമീകരണങ്ങൾ നടത്തിയത് ഈ രംഗത്ത് പ്രഗല്ഭരായ ഹൂസ്റ്റൺ മദ്രാസ് പവലിയൻ കേറ്ററിംഗ് കമ്പനിയുടെ മേൽനോട്ടത്തിലാണ്.

പരിപാടിയുടെ സുവർണ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത് അവിസ്മരണീയമാക്കിയത് അമേരിക്കയിലെ പ്രമുഖ വീഡിയോ ഫോട്ടോഗ്രഫി കമ്പനിയായ, ഷിജോ പോൾസന്‍റെ നേതൃത്വത്തിലുള്ള ട്വൈലൈറ്റ് മീഡിയയാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ സജ്ജീകരണത്തോടുകൂടി അരങ്ങേറിയ കൺവൻ‌ഷന്‍റെ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചത് അമേരിക്കൻ ഭൂഖണ്ഡത്തിൽതന്നെ മികവുറ്റ ഇവന്‍റുകൾ കാഴ്ചവച്ചിട്ടുള്ള ബിജു സഖറിയയുടെ നേതൃത്വത്തിലുള്ള മീഡിയ ഐസ് എന്ന ഇവന്‍റ് ഓർഗനൈസിംഗ് കമ്പനിയാണ്.

ഫ്ളവേഴ്സ് ടിവിയും ശാലോം ടീവിയുമായിരുന്നു മുഖ്യ സാറ്റലൈറ്റ് പങ്കാളികൾ. സിജോ വടക്കന്‍ (ട്രിനിറ്റി ഗ്രൂപ്പ്) , ജോയ് ആലുക്കാസ്, ജിബി പാറക്കല്‍ (പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരായിരുന്നു 1.7 മില്യണ്‍ ഡോളര്‍ ചെലവ് വന്ന കണ്‍വന്‍ഷന്‍റെ മുഖ്യ പ്രായോജകര്‍.

ഏകദേശം 300 പേജുകൾ ഉൾപ്പെടുത്തി അതിമനോഹരമായ കൺവൻഷന്‍റെ സുവനീർ രൂപകല്പന ചെയ്തു സാക്ഷാത്കരിച്ചത് ജോസ് ചെന്നിക്കരയുടെ നേതൃത്വത്തിലുള്ള അമേരിക്കയിലുടനീളം വേരുകളുള്ള ചെന്നിക്കര പ്രിന്‍റേഴ്സ് ആണ്.

കൺവൻഷനിൽ പങ്കെടുത്ത എല്ലാവർക്കും അവരവരുടെ ഭവനങ്ങളിൽ തപാൽമാർഗം കോപ്പികൾ എത്തിച്ചുകൊടുക്കുമെന്ന് കൺവൻഷന്‍റെ മീഡിയ ആൻഡ് മാർക്കറ്റിംഗ് ചെയർമാൻ കൂടിയായ സണ്ണി ടോം അറിയിച്ചു.