ജനങ്ങള്‍ എതി‍ര്‍ക്കുന്ന അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . ഇലക്‌ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങളായി ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാറുണ്ട്. എല്‍.ഡി.എഫില്‍ ഒരു വിഷയം സംബന്ധിച്ച്‌ നിലപാടെടുക്കുന്നത് അതിന്‍റെ സംസ്ഥാന സമിതിയാണെന്നും അദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും തന്‍റേയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞതിന് പിന്നാലെയാണ് കാനം നിലപാട് വ്യക്തമാക്കിയത്.

എല്‍.ഡി.എഫിന്‍റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടന പത്രികയില്‍ പോലുമില്ലായിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എം.എം മണിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം.