സില്‍ക് സ്മിതയുടെ ജീവിതം വീണ്ടും ബിഗ് സ്ക്രീനിലേക്ക്. തമിഴ് സംവിധായകന്‍ കെഎസ് മണികണ്ഠനാണ് സില്‍ക് സ്മിതയുടെ ജീവിതകഥ സിനിമയാക്കുന്നത്. അവള്‍ അപ്പടിതാന്‍ എന്നാണ് സിനിമയുടെ പേര്.

ഗായത്രി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ സില്‍ക് സ്മിതയുടെ വേഷം ചെയ്യുക ആരാണെന്ന് വ്യക്തമല്ല. പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. സില്‍ക് സ്മിതയുടെ വേഷം ചെയ്യാന്‍ മികച്ച നടിക്കായുള്ള അന്വേഷണത്തിലാണെന്ന് സംവിധായകന്‍ അറിയിച്ചു. നടിയുടെ വ്യക്തിജീവിതത്തെ കുറിച്ചായിരിക്കും സിനിമ എന്നാണ് സൂചന.

ആന്ധ്രപ്രദേശിലെ ഗ്രാമത്തില്‍ ജനിച്ച സില്‍ക് സ്മിത ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി 450 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദുരൂഹമായ നടിയുടെ ജീവിതത്തിലെ കയറ്റിറക്കങ്ങളെ കുറിച്ചായിരിക്കും അവള്‍ അപ്പടിതാന്‍ പറയുന്നത്.

1996 സെപ്റ്റംബര്‍ 23 നാണ് സില്‍ക് സ്മിതയെ ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വ്യക്തിപരമായ പ്രശ്നങ്ങളാല്‍ നടി ആത്മഹത്യ ചെയ്തതതെന്നാണ് നിഗമനം.

നേരത്തേ, ബോളിവുഡില്‍ വിദ്യാബാലന്‍ സില്‍ക്ക് സ്മിതയായി വേഷമിട്ടിരുന്നു. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും വിദ്യാ ബാലന് ലഭിച്ചിരുന്നു. വിദ്യയുടെ കരിയറിലെ വഴിത്തിരിവായിരുന്നു ചിത്രം. മികച്ച സംവിധായകന്‍, മികച്ച ചിത്രം എന്നിവയ്ക്കും ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. മിലന്‍ ലുതീരയാണ് ചിത്രം സംവിധാനം ചെയ്തത്.