മൂന്നാം ടി20യിലും സഞ്ജുവിന് ഇന്ത്യ അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഒരു സ്പോര്‍ട്സ് ചാനലിലെ ചര്‍ച്ചയില്‍ സഞ്ജുവിന് പകരം കോഹ്‍ലി ചിലപ്പോള്‍ മനീഷ് പാണ്ടേയ്ക്ക് അവസരം നല്‍കിയേക്കാമെന്ന വിരേന്ദര്‍ സേവാഗിന്റെ അഭിപ്രായത്തോട് പ്രതികരിക്കവെയാണ് മുഹമ്മദ് കൈഫ് തന്റെ പ്രതികരണം പറഞ്ഞത്.

ഇന്ത്യ പരമ്ബര ജയിച്ചതിനാല്‍ തന്നെ മാറ്റങ്ങളൊന്നുമില്ലാതെ മൂന്നാം മത്സരത്തിനും ഇറങ്ങണമെന്നാണ് തന്റെ അഭിപ്രായം എന്ന് കൈഫ് പറഞ്ഞു. രണ്ട് മത്സരങ്ങളിലും മികച്ച രീതിയിലാണ് സഞ്ജു തുടങ്ങിയതെന്നും സിക്സുകള്‍ അടിക്കുവാനുള്ള എക്സ് – ഫാക്ടറുള്ള താരമാണ് സഞ്ജുവെന്നും അതിനാല്‍ തന്നെ താരത്തിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും കൈഫ് പറഞ്ഞു.

നടരാജനെ പോലെ ലഭിച്ച അവസരം താരം മുതലാക്കിയിട്ടില്ലെങ്കിലും ഒരു മത്സരത്തില്‍ കൂടി താരത്തിന് അവസരം നല്‍കേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് കൈഫ് വ്യക്തമാക്കി.