സ്പ്രിംഗ്ഫീല്‍ഡ്: കൊവിഡ് 19 വൈറസ് വ്യാപന കാലത്തും സുന്ദരികളും സുന്ദരന്‍മാരുമാകാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് രണ്ട് ബാര്‍ബര്‍മാര്‍. കൊവിഡ് വൈറസ് ബാധിതരായിട്ടും ജോലി ചെയ്ത ഇവരിലൂടെ 140 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ സംസ്ഥാനമായ ഇല്ലിനോയിസിന്റെ തലസ്ഥാനമായ സ്പ്രിംഗ്ഫീല്‍ഡിലാണ് സംഭവം. കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മെയ് 12 മുതല്‍ 20 വരെ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ആദ്യ ജീവനക്കാരില്‍നിന്നും 84 പേര്‍ക്കും മെയ് 16 മുതല്‍ 20 വരെ ജോലി ചെയ്ത മറ്റൊരു ജീവനക്കാരനുമായി ഇടപഴകിയ 56 പേര്‍ക്കും ഉള്‍പ്പെടെ 140 പേര്‍ക്കാണ് ഹെയര്‍ സലൂണില്‍നിന്നും കൊവിഡ് രോഗം പകര്‍ന്നത്.
ആദ്യം രോഗം കണ്ടെത്തിയയാള്‍ എട്ട് ദിവസം വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാത്തതാണ് കാര്യങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതോടെയാണ് ഹെയര്‍ സലൂണുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചത്.
സംസ്ഥാനത്തെ ആറാമത്തെ ജനത്തിരക്കേറിയ പട്ടണമായ സ്പ്രിംഗ്ഫീല്‍ഡില്‍ 1,16,250 പേരാണ് താമസിക്കുന്നത്. 1810 ല്‍ യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ താമസമാക്കിയ പട്ടണമാണ് ഇന്നത്തെ സ്പ്രിംഗ്ഫീല്‍ഡ്. 1837 മുതല്‍ 1861 വരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണും ഇവിടെ താമസിച്ചിരുന്നു.