തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ അധ്യാപനം ആരംഭിക്കും. ക്ലാസുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ലൈവായി ക്ലാസ് നടത്തി നിര്‍വഹിക്കും. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയാറാക്കി രാവിലെ 8.30-ന് തുടങ്ങി ഉച്ചയ്ക്ക് 1.30-ന് അവസാനിക്കുന്ന രീതിയില്‍ അധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്ലാസുകള്‍ കൈകാര്യം ചെയ്യും. പ്രിന്‍സിപ്പല്‍ നിശ്ചയിക്കുന്ന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ അധ്യാപകര്‍ കോളജുകളില്‍ ഹാജരാകുകയും മറ്റുള്ളവര്‍ വീടുകളിലിരുന്നും ക്ലാസുകള്‍ കൈകാര്യം ചെയ്യും. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവന്‍ സമയ ലൈവ് ക്ലാസുകള്‍ നല്‍കും.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ പ്രിന്‍സിപ്പല്‍മാര്‍ ഒരുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.