സംസ്ഥാനത്ത് കോവി‍ഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ ദിവസം ആദ്യമായി പ്രതിദിന കണക്ക് 9000 കടന്നു. 9258 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 8274 പേരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. നാല് ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി 63 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ 15 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ ഹോട്ട് സ്പോട്ടുകള്‍ 705 ആയി ഉയര്‍ന്നിരിക്കുകയാണ്.

– അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കി തുടങ്ങുകയാണ്. പതിമൂന്ന് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ കാലയളവില്‍ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. പരീക്ഷകളും തടസ്സമില്ലാതെ നടക്കും.

കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍, അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. കണ്‍ടയിന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. ഓരോ ജില്ലകളിലെയും കളക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകള്‍ക്ക് അനുസരിച്ച്‌ നിയന്ത്രണങ്ങളിലും വ്യത്യാസമുണ്ട്.