തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനൊപ്പം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളും പെരുകുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്. സംസ്ഥാനത്താകെ അരലക്ഷത്തോളം പേര്‍ പകര്‍ച്ച വ്യാധിക്ക് ചികിത്സയിലാണ്.

കാലവര്‍ഷത്തിന്‍റെ തുടക്കം മുതല്‍ തന്നെ കേരളത്തില്‍ ഡെങ്കിയും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതാണ്. ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച്‌ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 2179. കണ്ണൂരും കാസര്‍കോടും മാത്രം മരണം 6 ആയി. ഇരു ജില്ലകളുടെയും മലയോരമേഖലയിലാണ് പകര്‍ച്ച വ്യാധി പെരുകുന്നത്. സംസ്ഥാനത്ത് ഈ മാസം 49674 പേരാണ് പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സ തേടിയത്.

പകര്‍ച്ച വ്യാധികള്‍ പടരുന്ന മേഖലകളില്‍ ഫോഗിംഗ് നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക് തലത്തില്‍ നോഡല്‍ ഓഫീസറെ നിയമിച്ച്‌ സ്ഥിതി വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ശ്രദ്ധയും കൊവിഡ് പ്രതിരോധത്തിലേക്ക് നീങ്ങുമ്ബോള്‍ മെഡിക്കല്‍ കോളേജുകളില്‍, മറ്റു രോഗങ്ങള്‍ ചികിത്സിക്കാന്‍ എത്തുന്നവര്‍ക്ക് മതിയായ ശ്രദ്ധ കിട്ടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.