തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി അന്തര്‍ജില്ലാ സര്‍വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. തൊട്ടടുത്തുള്ള രണ്ട് ജില്ലകള്‍ക്കിടിയിലാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.

ലോക്ഡൌണിന്‍റെ അഞ്ചാം ഘട്ടത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. തൊട്ടടുത്തുള്ള ജില്ലകള്‍ക്കിടയിലാണ് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുക. നിലവില്‍ ജില്ലകള്‍ക്കുള്ളില്‍ മാത്രമാണ് സര്‍വീസ്. എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ബസിലെ മുഴുവന്‍ സീറ്റിംഗ് കപ്പാസിറ്റിയും ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ കൊറോണ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് നടപടി റദ്ദാക്കിയിട്ടുണ്ട്. ബസ് യാത്രയില്‍ മാസ്ക് നിര്‍ബന്ധമാണ്. വാതില്‍പ്പടിയില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സഞ്ചാരയോഗ്യമായ കെ എസ് ആര്‍ ടി സി ബസ്സുകള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കണ്ടെയ്ന്‍മെന്ര്‍റ് സോണുകളില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യൂവിന് സമാനമായ ക്രമീകരണം 30 വരെ തുടരും. അതോടൊപ്പം സ്വകാര്യവാഹനങ്ങളില്‍ കാറില്‍ ഡ്രൈവര്‍ക്കു പുറമേ മൂന്നു പേര്‍ക്കും ഓട്ടോയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും ഇന്ന് മുതല്‍ യാത്ര അനുവദിക്കും.