കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. എറണാകുളം ജില്ലയില്‍ രണ്ടും കണ്ണൂരില്‍ ഒരാളുമാണ് മരിച്ചത്. ആലുവ സ്വദേശിനി ഷീല കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 49 വയസായിരുന്നു. മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച മട്ടാഞ്ചേരി സ്വദേശി ലീനസിനും കോവിഡ് 19 സ്ഥിരീകരിച്ചു. 58 വയസായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ലീനസ് മരിച്ചത്.

എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. കണ്ണൂര്‍ പട്ടുവം മുള്ളൂല്‍ സ്വദേശി ടി സി ജോസും കോവിഡ് ബാധിച്ച്‌ മരിച്ചു. 55 വയസായിരുന്നു. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. പ്രമേഹരോഗ ബാധിതനായിരുന്നു. ഇക്കഴിഞ്ഞ 25നാണ് ജോസിന് കൊവിഡ് സ്ഥിരീകരിച്ചത്.