തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി. വയനാട് മാനന്തവാടി സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് വയനാട് ജില്ലയില്‍ പുതിയ ഹോട്ട് സ്‌പോട്ടുണ്ടായത്. ഇയാളുടെ റൂട്ട് മാപ്പും ജില്ലാ ഭരണകൂടം പുറത്ത് വിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.