ഷാര്‍ജ: അബൂദബിക്കും റാസല്‍ഖൈമക്കും പിന്നാലെ ഷാര്‍ജയിലും ക്രിസ്തീയ ദേവാലയങ്ങള്‍ തുറന്നു. പള്ളി തുറക്കാനും പരിമിതമായ ആളുകളുമായി വിശുദ്ധ കുര്‍ബാന നടത്താനും അനുവാദം കിട്ടിയതായി ഷാര്‍ജയിലെ സെന്‍റ് മൈക്കിള്‍സ് ചര്‍ച്ച് അറിയിച്ചു.
ഓരോ സേവനത്തിനും 30 മിനിറ്റ് മുമ്പ് ഗേറ്റുകള്‍ തുറക്കുമെന്നും സമയക്രമം പള്ളിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പ്രാര്‍ഥന കഴിഞ്ഞാല്‍ ഉടന്‍ പുറത്തിറങ്ങണം. കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. ആകെ ശേഷിയുടെ 50 ശതമാനം വിശ്വാസികള്‍ക്കാണ് പ്രവേശനാനുമതി. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല.
എല്ലാവരും മാസ്ക് ധരിക്കുകയും 1.5 മീറ്റര്‍ സാമൂഹിക അകലം നിലനിര്‍ത്തുകയും വേണം. കുര്‍ബാന ആരംഭിച്ചുകഴിഞ്ഞാല്‍ ഗേറ്റ് അടക്കും. പ്രാര്‍ഥന കഴിഞ്ഞാല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് വിശ്വാസികള്‍ പള്ളി പരിസരത്തുനിന്ന് ഉടന്‍ പുറത്തുപോകണം. ഇടവകക്കാര്‍ പുതിയ കുര്‍ബാന സമയം ശ്രദ്ധിക്കണം. സ്നാപനത്തിനുള്ള തയാറെടുപ്പുമായി ബന്ധപ്പെട്ട സെമിനാര്‍ തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ ഒമ്പതുവരെ പാരിഷ് ഹാളില്‍ നടക്കുമെന്ന് പാരിഷ് വികാരി ഫാ. വര്‍ഗീസ് ചെമ്പോളി അറിയിച്ചു.
സെന്‍റ് മൈക്കിള്‍സ് ചര്‍ച്ചിലെ കുര്‍ബാന സമയം:
ഇംഗ്ലീഷ് കുര്‍ബാന സമയക്രമം
•തിങ്കള്‍ മുതല്‍ വ്യാഴം വരെ: രാവിലെ 6.00, വൈകീട്ട് 7.00
•ശനിയും ഞായറും: രാവിലെ 6.00, 8.00, വൈകീട്ട് 5.00, 7.00.
വെള്ളിയാഴ്ച തത്സമയ സംപ്രേഷണം മാത്രം:
രാവിലെ 6.00: ഇംഗ്ലീഷ്
8.00: കൊങ്കണി
10.00: ലാറ്റിന്‍ മലയാളം
വൈകീട്ട്
3.30: തമിഴ്
5.00: ടാഗലോഗ്
7.00: ഇംഗ്ലീഷ്
സെപ്റ്റംബര്‍ മാസത്തിലെ അതത് മാതൃ ഭാഷയിലുള്ള കുര്‍ബാന സമയം
സിറോ മലബാര്‍: സെപ്റ്റംബര്‍ 17 രാത്രി 8.30.
മലയാളം ലാറ്റിന്‍: സെപ്റ്റംബര്‍ 24 രാത്രി 8.30.
സിറോ മലങ്കര: എല്ലാ ബുധനാഴ്ചയും വൈകീട്ട് 8.30.