കൊവിഡ് ബാധിച്ച ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന 8 പേർ ഇന്ന് നടക്കുന്ന രണ്ടാം ടി-20യിൽ കളിക്കില്ലെന്ന് റിപ്പോർട്ട്. ഇവരുടെയെല്ലാം കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പക്ഷേ, മുൻകരുതൽ എന്ന നിലയിൽ താരങ്ങൾ രണ്ടാം ടി-20യിൽ കളത്തിലിറങ്ങില്ലെന്ന് ടീമുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ 1-0നു മുന്നിലാണ്. ആരൊക്കെയാണ് കൃണാലുമായി അടുത്ത സമ്പർക്കം പുലർത്തിയ 8 പേർ എന്നത് വ്യക്തമല്ല. പാണ്ഡ്യ സഹോദരന്മാരുടെ അടുത്ത സുഹൃത്തായ മലയാളി താരം സഞ്ജു സാംസൺ ഇവരിലുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ലോകകപ്പിനുള്ള ഇന്ത്യൻ ടി-20 ടീമിൽ ഇടം നേടാനുള്ള അവസരമായിരുന്നു ഈ പരമ്പര. പരമ്പരയിലെ ആദ്യ മത്സരത്തിൽ 27 റൺസെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. ഇന്ന് ടീമിൽ ഇടം ലഭിച്ചില്ലെങ്കിൽ ടീമിലേക്ക് തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടാവും.
ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയെ 38 റൺസിനാണ് തോൽപ്പിച്ചത്. മത്സരത്തിൽ ബൗളർമാരുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 165 റൺസിന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 18.3 ഓവറിൽ 126 റൺസിനു എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്കായി ചരിത അസരങ്ക 26 പന്തിൽ 44 റൺസുമായി മികച്ച പ്രകടനം നടത്തി. 3.3 ഓവറിൽ 22 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് മാൻ ഓഫ് ദ മാച്ച്. ദീപക് ചാഹർ രണ്ടു വിക്കറ്റ് നേടി.
അതേസമയം, രണ്ടാം ടി-20 മത്സരത്തിനൊരുങ്ങുന്ന ശ്രീലങ്കൻ ടീമിനു തിരിച്ചടിയായി ചരിത് അസലങ്കയുടെ പരുക്ക്. ഏകദിന പരമ്പരയിൽ ടീമിനായി ഏറ്റവുമധികം റൺസ് നേടിയവരിൽ രണ്ടാമതുണ്ടായിരുന്ന താരം ആദ്യ ടി-20യിൽ 26 പന്തിൽ 44 റൺസ് നേടി ടോപ്പ് സ്കോററായിരുന്നു. മികച്ച ഫോമിലുള്ള താരം പുറത്താവുന്നത് ശ്രീലങ്കയുടെ ബാറ്റിംഗ് കരുത്തിനെ സാരമായി ബാധിക്കും.