• മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് എന്ന മഹാമാരി അമേരിക്കന്‍ ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ദിവസേന നൂറു കണക്കിനു പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നെടുക്കുന്നത്. വെള്ളിയാഴ്ച ഒരു ദിവസം രണ്ടായിരത്തില്‍ കൂടുതല്‍ ആളുകള്‍ മരിച്ചു. ലോകത്തെവിടെയും ഒരു ദിവസം ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ 2,108 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 18,586 ആയി ഉയര്‍ന്നു. കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞത് ഇറ്റലിയിലായിരുന്നു. അവിടെ ഇതുവരെ 18,849 പേര്‍ മരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് വെള്ളിയാഴ്ച വരെ അമേരിക്കയില്‍ മരണപ്പെട്ടത് 18,586 പേരും.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ന്യൂയോര്‍ക്ക് സിറ്റിയില്‍ 92,000 ത്തിലധികം കേസുകളും 5,800 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആൻഡ്രൂ ക്യൂമോ പറഞ്ഞത് സംസ്ഥാനത്ത് 777 പേര്‍ കൂടി വൈറസ് ബാധിച്ച് തലേദിവസം (വ്യാഴാഴ്ച) മരിച്ചു എന്നാണ്.

മരണത്തിന്‍റെ കാര്യത്തില്‍ അമേരിക്ക ഇറ്റലിയെ കടത്തിവെട്ടുമെന്നാണ് നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷമായി ഉയര്‍ന്നു കഴിഞ്ഞു. മരണപ്പെട്ടവരെ സംസ്ക്കരിക്കാന്‍ ശ്മശാനങ്ങളില്‍ സ്ഥലമില്ലെന്നത് അതിലേറെ സങ്കീര്‍ണ്ണമാകുകയാണ്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്ന ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്ക്കരിക്കുകയാണ്.

ന്യൂയോര്‍ക്ക് നഗരത്തിന്റെ നിലവിലെ സ്ഥിതി പരിതാപകരമാണ്. മെഡിക്കല്‍ എക്സാമിനര്‍മാര്‍ക്ക് 14 ദിവസം മാത്രമേ മൃതദേഹങ്ങള്‍ സൂക്ഷിക്കാനാകൂ എന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. അതിനുശേഷം ഹാര്‍ട്ട് ദ്വീപിലെ സെമിത്തേരിയില്‍ കൂട്ടത്തോടെ സംസ്കരിക്കും. അനാഥ മൃതദേഹങ്ങളും ക്ലെയിം ചെയ്യപ്പെടാതെ കണ്ടെത്തിയ അല്ലെങ്കില്‍ ശവസംസ്കാരം നടത്താന്‍ കഴിയാത്ത കുടുംബങ്ങളുടെ മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്യുന്നത്. കൊറോണ വൈറസ് കാരണം ഇവിടെ അടക്കം ചെയ്ത മൃതദേഹങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ആഴ്ചയില്‍ ഒരു ദിവസത്തിനു പകരം ഇപ്പോള്‍ ആഴ്ചയില്‍ അഞ്ച് ദിവസവും മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ആശുപത്രികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത പ്രതിസന്ധിയാണ് ന്യൂയോര്‍ക്ക് നേരിടുന്നത്. മൃതദേഹങ്ങള്‍ പുറത്ത് റഫ്രിജറേറ്റഡ് ട്രക്കുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മോര്‍ച്ചറി, താത്ക്കാലിക സ്റ്റോറേജ് യൂണിറ്റുകള്‍ നിറയുമ്പോള്‍ ഹാര്‍ട്ട് ദ്വീപില്‍ അടക്കം ചെയ്യുമെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. ഈ മൃതദേഹങ്ങള്‍ പ്രത്യേക സജ്ജീകരണങ്ങളോടെ അടക്കം ചെയ്യുന്നതിനാല്‍ കുടുംബത്തിന് പിന്നീട് അവകാശപ്പെടാം.

കൊറോണ വൈറസ് മൂലം ഇതുവരെ 1,02753 പേര്‍ മരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 1.6 ദശലക്ഷം കവിഞ്ഞു. വാഷിംഗ്ടണിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ സിസ്റ്റം സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (സിഎസ്ഇ) ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ശനിയാഴ്ച രാവിലെ വരെ 16,98416 പേര്‍ക്ക് കൊവിഡ്-19 പകര്‍ച്ചവ്യാധി ബാധിച്ചു. ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച 3,76,677 രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.