• ഡോ. ജോര്‍ജ് എം.കാക്കനാട്ട്

സ്‌നേഹത്തിന്റെയും കരുതലിന്റെയും ആശ്വാസത്തിന്റെ ആള്‍രൂപങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്ന ദിവസമാണിന്ന്. മാനുഷികസേവനത്തില്‍ പോലും മുന്നില്‍ നില്‍ക്കുന്ന ആതുരസേവനം നടത്തുന്നവരെ ആദരിക്കുന്ന ദിവസം. രോഗം കൊണ്ടു വലയുന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ പീഢ. അതിനെ ആശ്വസിപ്പിക്കാന്‍ ആതുരസേവകര്‍ക്ക് മാത്രമേ കഴിയൂ. ഡോക്ടര്‍ക്ക് രോഗം കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയും, എന്നാല്‍ രോഗാവസ്ഥയില്‍ പരിപാലിക്കാന്‍ കഴിയുക എന്ന ദിവ്യത്വം സമ്മാനിക്കാന്‍ ഒരാള്‍ക്കേ കഴിയൂ, അതു നേഴ്‌സുമാര്‍ക്കാണ്. അവരാണ് ജീവന്റെ കാവല്‍ദേവതകള്‍. അവരാണ് മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍. അവരിലൂടെയാണ് ഒരു മനുഷ്യജീവി ജീവതത്തെ രോഗശയ്യയില്‍ വച്ചു നോക്കി കാണുന്നത്.

കോവിഡ് കാലത്തു ലോകം മുഴുവന്‍ ഇതു കണ്ടതാണ്. കോവിഡ് എന്ന നോവല്‍ കൊറോണ വൈറസ് എന്താണെന്നു പോലും തിരിച്ചറിയുന്നതിനു മുന്നേ പിടഞ്ഞു വീണവരെ താങ്ങിനിര്‍ത്താന്‍ മുന്‍നിരയിലെത്തിയത് ഈ നേഴ്‌സുമാരാണ്. ഇതിനു വാക്‌സിനില്ലെന്നും മരുന്നുകളൊന്നുമില്ലെന്നും തിരിച്ചറിഞ്ഞിട്ടു കൂടി പതറാതെ മുന്നില്‍ നിന്ന് അവര്‍ രോഗികളെ ശുശ്രൂഷിച്ചു. ഉറ്റവരും ഉടയവരും പോലും രോഗഭീതിയില്‍ മാറിനിന്നപ്പോള്‍ അതിനെയും അവഗണിച്ചു കൊണ്ട് ഈ മാലാഖമാര്‍ അവരെ ശുശ്രൂഷിച്ചു. അവരുടെ കണ്ണുകള്‍ തുടച്ചു. പരിപാലനയോടെ പുതിയ ജീവിതത്തെ കാണിച്ചു കൊടുത്തു.

കോവിഡ് 19 മൂലം പലരും ശ്വസിക്കാനും അതീതീവ്രമായ രോഗകളുടെ കടുത്ത വേദനയാലും പുളഞ്ഞനാളുകളില്‍ അവരെ ശുശ്രൂഷിക്കാന്‍ ഈ മാലാഖമാര്‍ ഇല്ലായിരുന്നുവെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ. ഇവരില്‍ എത്രയോ പേര്‍ക്ക് കോവിഡ് 19 പിടിപെട്ടു. എന്നിട്ടും ഇവര്‍ പകര്‍ച്ചവ്യാധിയെ ഭയന്നില്ലെന്നു മാത്രമല്ല ചങ്കൂറ്റത്തോടെ മുന്നില്‍ നിന്നും പ്രവര്‍ത്തിച്ചു. എപ്പോഴും പറയാറുണ്ട്, നേഴ്‌സുമാര്‍ക്ക് നല്ല പണംകിട്ടാറുണ്ട് പ്രതിഫലമായി എന്ന്. എന്നാല്‍, ഒരിക്കലെങ്കിലും ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടന്നിട്ടുള്ള ഒരാള്‍ പോലും അങ്ങനെ പറയില്ല. കാരണം, ലക്ഷങ്ങള്‍ വാരിവിതറിയാല്‍ പോലും ഒരിറ്റു തലോടല്‍ കിട്ടിയിരുന്നുവെങ്കില്‍ എന്നു കൊതിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്, അവിടെ കൂട്ടായി നിങ്ങളുടെ അമ്മയോ, ഭാര്യയോ, മക്കളോ സുഹൃത്തുക്കളോ ഉണ്ടാവില്ല. തൂവെള്ള വസ്ത്രമണിഞ്ഞ് ഒരു മാലാഖയെ പോലെ ഒരു നേഴ്‌സ് മാത്രമാണ് അവിടെയുണ്ടാവുക. അവരുടെ സ്‌നേഹോഷ്മളമായ പ്രവര്‍ത്തിയാണ് നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരിക പോലും ചെയ്യുക. അമേരിക്കയില്‍ നേഴ്‌സസ് ദിനമല്ല, നേഴ്‌സസ് വാരാചരണമാണ്. ഫ്‌ളോറന്‍സ് നെറ്റിംഗേലിനെ ഓര്‍മ്മിക്കുകയല്ല, മറിച്ച് അവര്‍ നക്ഷത്രദീപമൊരുക്കി നിരവധി പേര്‍ക്ക് മാര്‍ഗദര്‍ശകമാക്കിയ പതിനായിരങ്ങളുടെ ദീപ്തസ്മരണയ്ക്കാണ് ഈ ദിവസം മാറ്റിവെക്കുന്നത്.

ലോകത്തിലെ എല്ലാ നേഴ്‌സുമാരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു, അവര്‍ക്ക് നന്ദി പറയുന്നു. എല്ലാവര്‍ക്കും സുഖമുണ്ടാവട്ടെ, എല്ലാവര്‍ക്കും നന്മ ഭവിക്കട്ടെ…