മസ്​കത്ത്​: ഗള്‍ഫില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതില്‍ അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍ക്ക്​ മുന്‍ഗണന നല്‍കുമെന്നാണ്​ ഇന്ത്യന്‍ വിദേശകാര്യ വകുപ്പും മസ്​കത്ത്​ ഇന്ത്യന്‍ എംബസിയും അറിയിച്ചിരുന്നത്​. എന്നാല്‍ ശരീരം തളര്‍ന്ന്​ ഒമാനിലെ ഇബ്രിയില്‍ താമസ സ്​ഥലത്ത്​ കഴിയുന്ന എറണാകുളം പാനായിക്കുളം സ്വദേശി താഹിറിന്​ ഇൗ മാനദണ്ഡം ബാധകമായില്ല.

എംബസിയിലും നോര്‍ക്കയിലും രജിസ്​റ്റര്‍ ചെയ്​ത്​ പലകുറി ബന്ധപ്പെ​െട്ടങ്കിലും ഒരു ടെലിഫോണ്‍കോള്‍ പോലും തേടിയെത്തിയില്ല. ലോക്​ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മസ്​കത്ത്​ ഗവര്‍ണറേറ്റിന്​ പുറത്ത്​ നിന്നുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്​ ഒമ്ബതിന്​ കൊച്ചിക്ക്​ പോയ ഒമാനില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ നിന്ന്​ ഇദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ്​ സൂചന. അതേസമയം സലാലയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ കണ്ണിന്​ പരിക്കേറ്റയാളെ കൊച്ചി വിമാനത്തില്‍ കൊണ്ടുപോവുകയും ചെയ്​തിരുന്നു.

എന്തായാലും അടുത്ത വിമാന ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിക്കാത്തതിനാല്‍ എന്ന് നാടണയാനാകുമെന്നറിയാതെ രോഗ കിടക്കയില്‍ ദുരിതം തിന്ന്​ കഴിയുകയാണ്​ താഹിര്‍.
കഴിഞ്ഞ 23 വര്‍ഷമായി ഇബ്രിയിലെ സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനായും ഡ്രൈവറായും ജോലി ചെയ്​തുവരുകയാണ്​ ഇദ്ദേഹം. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ്​ അമിത രക്​തസമ്മര്‍ദത്തെ തുടര്‍ന്ന്​ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ ഇബ്രി ആശുപത്രിയിലും പ്രവേശിപ്പിക്കുന്നത്​. കോവിഡ്​ ഭീതി നിലനില്‍ക്കുന്നതിനാല്‍ കാര്യമായ ചികില്‍സ ലഭിച്ചില്ല.

തുടര്‍ന്ന്​ ഒമ്ബതാം തീയതിയോടെ രക്​തസമ്മര്‍ദം അല്‍പം കുറഞ്ഞപ്പോള്‍ ഡിസ്​ചാര്‍ജ്​ ചെയ്യുകയും ചെയ്​തു. തുടര്‍ന്ന്​ താമസ സ്​ഥലത്തേക്ക്​ കൊണ്ട​ുപോയി. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള താഹിറിന്​ ആരുടെയെങ്കിലും സഹായമുണ്ടെങ്കില്‍ മാത്രമാണ്​ നടക്കാന്‍ സാധിക്കുകയുമുള്ളൂ. തൊഴിലുടമ നല്‍കിയിട്ടുള്ള മുറിയില്‍ തന്നെയാണ്​ താമസം. ഭക്ഷണവും തൊഴിലുടമ എത്തിച്ച്‌​ നല്‍കും. ഇബ്രിയില്‍ ജോലി ചെയ്​തിരുന്ന ജ്യേഷ്​ഠ​​െന്‍റ മകനാണ്​ പരിചരണത്തിനായി ഉള്ളത്​. കഴിഞ്ഞ മാര്‍ച്ച്‌​ 30ന്​ വിസ കഴിഞ്ഞ്​ നില്‍ക്കുകയാണ്​ ഇദ്ദേഹം. അടുത്ത വിമാനത്തില്‍ പോകാന്‍ അവസരം ലഭിച്ചാല്‍ താഹിറിന്​ തുണയായി ഇദ്ദേഹത്തിനും പോകാന്‍ കഴിയും.

ഭാര്യയും രണ്ട്​ കുട്ടികളുമാണ്​ ഇദ്ദേഹത്തിന്​ ഉള്ളത്​. രണ്ട്​ പതിറ്റാണ്ട്​ നീണ്ട പ്രവാസജീവിതത്തിനിടയില്‍ നീക്കിയിരിപ്പ്​ ഒന്നുമില്ലാത്തതിനാല്‍ തുടര്‍ ചികിത്സക്കായി എന്ത്​ ചെയ്യുമെന്നറിയാത്ത ആശങ്കയുമുണ്ട്​.