ന്യൂഡൽഹി : ഇന്ത്യക്കെതിരെ കൈകോർക്കുന്ന ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി വ്യോമസേന. ഇരു രാജ്യങ്ങൾക്കുമെതിരെ എപ്പോൾ വേണമെങ്കിലും നീക്കം നടത്താൻ തയ്യാറാണെന്ന് വ്യോമസേന അറിയിച്ചു. അതിർത്തിയിൽ പാകിസ്താനും, ചൈനയും നിരന്തരമായി പ്രകോപനങ്ങൾ സൃഷ്ടിയ്ക്കുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ മുന്നറിയിപ്പ്.

ഇരു രാജ്യങ്ങൾക്കുമെതിരെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നീങ്ങാൻ സജ്ജമാണെന്നാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. ലഡാക്ക് അതിർത്തിയിലെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പോർവിമാന വിന്യാസമാണ് വ്യോമസന നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ മുൻനിര വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ശത്രുരാജ്യങ്ങളെ പ്രതിരോധിക്കാൻ ലഡാക്കിൽ വിന്യസിച്ചിരിക്കുന്നത്. സുഖോയ്- 30 എംകെഐ, സി -130 -ജെ സൂപ്പർ ഹെർകുലീസ്, ഇല്യൂഷിൻ – 76, ആന്റൺ- 32, എന്നീ വിമാനങ്ങൾ ലഡാക്കിലെ ഇന്ത്യൻ എയർബേസുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്.

രാവും പകലും വിമാനങ്ങൾ ഉപയോഗിച്ച് ശക്തമായ നിരീക്ഷണമാണ് വ്യോമസേന നടത്തുന്നത്. ട്രാൻസ്‌പോർട്ട് വിമാനങ്ങൾ എയർബേസുകളിൽ നിന്നും സൈനികരുമായും മറ്റ് സാധനങ്ങളുമായും തുടർച്ചയായി പറക്കുന്നുണ്ട്.