നിങ്ങൾ കൊന്നത് എന്റെ കറുപ്പിനെയല്ല
നിങ്ങൾ കൊന്നത് എന്നെയാണ്..
നിങ്ങളുടെ മുട്ടുകാലിനടിയിൽ
ഞെരിഞ്ഞമർന്നില്ലാതായത്
വെറും നിറമല്ല..എന്റെ അവകാശമാണ്..
ആർക്കും സ്വന്തമല്ലാത്തൊരീ ഭൂമിയിലെ
ജീവാംശമാകാനുള്ള എന്റെ അവകാശമാണ്.
എന്റെ കണ്ണുകളിൽ നിങ്ങൾ കാണാതെ
പോയതെന്റെ പ്രാണനെയാണ്…
നിങ്ങൾ എന്നിൽ കാണാതൊ പോകുന്നത്
നിങ്ങളെ തന്നെയാണ്..
എന്നിലും നിങ്ങളിലും ഒഴുകുന്നത് ഒരേ
നിറമുള്ള ചോര..
ഞാനും നിങ്ങളും ഉള്ളിലേക്കെടുക്കുന്നത്
ഒരേ വായു..
നിങ്ങളുടെ ക്രൂരത എന്റെ കഴുത്തിലമർന്നപ്പോൾ
എന്റെ തലച്ചോറിനുള്ളിൽ പ്രാണ വായുവെ
തിരയുന്ന പ്രാണന്റെ നിലയ്ക്കാത്ത നിലവിളികൾ കേട്ടില്ല
കഴുത്തിൽ കശേരുക്കൾ പൊട്ടുമ്പോൾ
പ്രാണന്റെ കുറുകുന്ന രോദനം കേട്ടില്ല..
ഉള്ളിലേക്കെടുക്കാൻ കഴിയാതെ
പ്രാണൻ പിടഞ്ഞോരോ ഞരമ്പുകളിലും
ഹൃദയത്തിലും സമ്മർദ്ദം ചുടുചോരയായ്-
പുറത്തേക്കോഴുകുമ്പോഴും..
നിങ്ങളുടെ കണ്ണുകളിൽ തെളിഞ്ഞത്
കറുപ്പെന്ന നിറത്തിനോടുള്ള വെറുപ്പോ..
കറതീർന്ന വിവേചനത്തിൻ ക്രൂരമാം സംതൃപ്തിയോ?
ഒരിറ്റു ശ്വാസത്തനായ് പിടയുമെൻ ദേഹിയെ
ക്രൂരമാം നിസ്സംഗതയോടെ പീഢകൾ നൽകുമ്പോൾ
മറന്നുവോ നിങ്ങളെന്നിൽ പിടയുന്ന പ്രാണനെ
നിറഞ്ഞുവോ നിൻ കണ്ണിലെന്നിലെ കറുപ്പുമാത്രം..
കൊട്ടിയടച്ചു നീ നിന്റെ കർണ്ണങ്ങളെ-
കേൾക്കാതെ എന്റെ ശ്വാസത്തിനായ്
കേഴുന്ന അന്ത്യമാം യാചനയേ..
ഊർദ്ധ്വംവലിച്ചെന്റെ ദേഹി വിട്ടകന്നിട്ടും
തൃപ്തനാകാതെ നീ വെറിപൂണ്ടലയുന്നു..
ദിനരാത്രങ്ങളില്ലാതെ വീണ്ടും ജനിക്കുന്നു ഞങ്ങളും
ഞങ്ങളോടുള്ള നിൻ അന്ത്യമില്ലാ പകയും..
ഹേ, നിർത്തുക നിൻ വെറിപൂണ്ട വിവേചനം
വർണ്ണമല്ല ഉർവിയിൽ പ്രധാനം..മനുജനാണ് ഓർക്കുക.