സന: യമനില്‍ ഹൂതിവിമതരുമായുള്ള പോരാട്ടത്തിന് രണ്ടാഴ്ചത്തേക്ക് സൗദി സഖ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍. വടക്കന്‍ യമനിലെ മാരിബ് നഗരത്തിലാണ് ഹൂതികള്‍ ബാലസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് ഹൂതികളുടെ പ്രകോപനം.
സൗദി സ്റ്റേറ്റ് ടെലിവിഷനാണ് ഇതു സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. യമന്‍ തലസ്ഥാന നഗരമായ സനയില്‍ നിന്ന് 120 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ആക്രമണം നടന്ന മാരിബ് നഗരം.വ്യാഴാഴ്ച രാത്രി മുതലാണ് സൗദി സഖ്യം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. കാറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുള്ള ശത്രുതയും പോരാട്ടങ്ങളും അവസാനിപ്പിച്ച് വൈറസിനെ നേരിടണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം കണക്കിലെടുത്താണ് വെടിനിര്‍ത്തല്‍ തീരുമാനം.