• കോര ചെറിയാന്‍

ഫിലാഡല്‍ഫിയ, യു.എസ്.എ.: അക്ഷരലോകത്തില്‍ ഒരിക്കലും അസ്തമിക്കാത്ത പ്രതിഭാകിരണങ്ങളോടെ പ്രശോഭിതനായ എം. പി. വീരേന്ദ്രകുമാറിന്റെ വേര്‍പാടും ജീവിതശൈലിയും ഒരിക്കലും വാടാത്ത സൗരഭ്യ കുസുമിതം ആയിരിക്കും. മദിരാശി വിവേകാനന്ദ കോളേജില്‍നിന്നും മാസ്റ്റര്‍ ബിരുദത്തില്‍ നേടിയ തത്വജ്ഞാനം അദ്ദേഹം പ്രവര്‍ത്തിച്ച എല്ലാ ജീവിത വേദിയിലും പളുങ്കുപോലെ പവിത്രവും നിസ്വാര്‍ത്ഥവു മായിരുന്നു. മാധ്യമരംഗത്തോടെ തുടക്കം കുറിച്ച കുമാറിന്റെ ആദ്യകാല അചഞ്ചലമായ ഡല്‍ഹി ജീവിതരീതി ആരാലും ആകൃഷ്ടവും അഭിനന്ദനീയവുമായി തോന്നിയിട്ടുണ്ട്.
ദിനപത്രലോകത്തും, യു.എന്‍.ഐ., പി. റ്റി. ഐ., വാര്‍ത്താ ഏജന്‍സി രംഗത്തും എം. പി. എന്നറിയപ്പെട്ടിരുന്ന വീരേന്ദ്രകുമാറിന്റെ സൗമ്യതയും വ്യക്തി വൈശിഷ്ട്യവും നിഷ്‌കപടമായ പെരുമാറ്റവും സൗഹൃതവലയത്തില്‍ നിത്യസ്മരണയായി അവശേഷിക്കുന്നു.

ഉന്നതകുലജാതനെന്നോ ശക്തമായ സാമ്പത്തിക ഉടമയെന്നോ ഉള്ള അഹങ്കാര ആര്‍ജ്ജവം വാക്കിലോ പ്രവര്‍ത്തിയിലോ പ്രതിഫലിക്കുന്നതായി ഈ ലേഖകനു ഒരിക്കലും തോന്നിയിട്ടില്ല. സാധാരണ ഞങ്ങള്‍ സന്ധിക്കാറുള്ള ന്യൂഡല്‍ഹി 9 റാഫി മാര്‍ഗിലുള്ള യു.എന്‍.ഐ. യുടെ പിറകിലുള്ള പാലക്കാട് സ്വദേശി സ്വാമിയുടെ സൗത്ത് ഇന്ത്യന്‍ കാന്റീനിന്റെ വിശാലമായ പുല്‍ത്തകിടിയില്‍ ഉച്ചഭക്ഷണത്തിനായി എത്തുമ്പോഴുള്ള കുശലസംസാരത്തില്‍ ഒരിക്കല്‍പോലും വ്യക്തികളേയോ പൊളിറ്റിക്കല്‍ പാര്‍ട്ടിയേയോ പരാമര്‍ശിച്ചു കേള്‍ക്കുവാനുള്ള ദൗര്‍ഭാഗ്യം ഉണ്ടായിട്ടില്ല. അക്കാഡമിയ്ക്ക് അദ്ധ്യയനം അവസാനിപ്പിച്ചു ഏതാനും വര്‍ഷങ്ങള്‍മാത്രം പിന്നിട്ട ഈ ലേഖകനടക്കമുള്ള സുഹൃത്തുക്കളുമായി ഫലിതപൂരിതമായ സംസാരം സുലഭം ആയിരുന്നെങ്കിലും എം. പി. യുടെ ഓരോ വാക്കുകളിലും അറിവും ആഢ്യത്വവും വ്യക്തമായി പ്രതിഫലിച്ചിരുന്നു.

മാധ്യമരംഗത്തെ വീരേന്ദ്രകുമാറിന്റെ എഡിറ്റിംഗ് അടക്കമുള്ള സകല പ്രവര്‍ത്തനങ്ങളും സത്യസന്ധമായി കൃത്യനിഷ്ഠയോടെ നിര്‍വ്വഹിച്ചു. പത്രപ്രവര്‍ത്തന മണ്ഡലത്തിലെ ശൈശവ ദിശയില്‍നിന്നും തുടക്കം കുറിച്ചു പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ ഡയറക്ടര്‍ പദവിയടക്കം മാധ്യമരംഗത്തെ ചക്രപാലനായി. 1965-75 കാലഘട്ടങ്ങളില്‍ ഇന്‍ഡ്യന്‍ തലസ്ഥാന നഗരിയില്‍നിന്നും ടെലിപ്രിന്റര്‍ മുഖേനയും ടെലക്‌സ് മുഖേനയും ചിലപ്പോള്‍ ഫോണില്‍ക്കൂടിയും സ്വദേശത്തും വിദേശത്തുമുള്ള ദിനപത്രങ്ങളടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷ് ഭാഷയില്‍ തുടര്‍ച്ചയായി പ്രവഹിച്ചുകൊണ്ടിരുന്ന പല ലേഖനങ്ങളുടേയും വാര്‍ത്തകളുടേയും വാസ്തുശില്പി മണ്‍മറഞ്ഞ വീരേന്ദ്രകുമാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മാധ്യമശൈലിയിലുള്ള അഴകും ആര്‍ജ്ജവവും വാചകഘടനയും വായനക്കാരെ അത്യധികം ആകര്‍ഷിച്ചിരുന്നു. ഇംഗ്ലീഷ് വാചകഘടനയില്‍ ചക്രവര്‍ത്തിയായി അംഗീകരിക്കപ്പെട്ട ബി.ആര്‍.പി. ഭാസ്‌കറിനോടു തുല്യനായി പലപ്പോഴും തോന്നിയിട്ടുണ്ട്.

ഒരു സാധാരണ പത്രപ്രവര്‍ത്തനത്തില്‍നിന്നും ലോകത്തിലെ ഏറ്റവും വലിയ ജനാപത്യ രാജ്യമായ ഇന്‍ഡ്യയിലെ കാബിനറ്റ് മിനിസ്റ്ററായി ഉയരുവാനുള്ള മുഖ്യഹേതു വീരേന്ദ്രകുമാറിന്റെ വിനയവും വ്യക്തിത്വവുമാണ്. അദ്ദേഹത്തിന്റെ സഹാനുഭൂതിയും സഹവര്‍ത്തിത്വവും നേരില്‍ കാണുവാനുള്ള ഭാഗ്യം സിദ്ധിച്ചത് സൗഭാഗ്യമായി കരുതുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം കൊടുക്കുകയും, നിര്‍ലോഭമായി ദാനധര്‍മ്മങ്ങള്‍ നടത്തുന്നതിലും വീരേന്ദ്രകുമാര്‍ തത്പരനായിരുന്നു. ശാരീരികമായി അദ്ദേഹം വേര്‍പെട്ടാലും സ്മൃതിപദത്തില്‍ എക്കാലവും പ്രശോഭിതമായിരിക്കും.