വിസ്കോണ്‍സിന്‍: ഗവര്‍ണറുടെ സ്റ്റേ അറ്റ് ഹോം ഉത്തരവ് വിസ്കോണ്‍സിന്‍ സ്റ്റേറ്റ് സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാനാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച സ്റ്റേ അറ്റ് ഹോം ഉത്തരവ് കോടതി വിധിയിലൂടെ റദ്ദാക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനം.
ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഗവര്‍ണര്‍ ടോണി എവെര്സിന്റെ ഉത്തരവാണ് സംസ്ഥാനത്തെ തന്നെ പരമോന്നത കോടതി അസാധുവാക്കിയത്. ആരോഗ്യ പരിപാലന രംഗത്ത് ഏക പക്ഷീയമായ തീരുമാനം ഗവര്‍ണര്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ചു സ്റ്റേറ്റ് അസംബ്ലി അംഗങ്ങളാണ് കോടതിയെ സമീപിച്ചത്. കോവിഡ് വൈറസ് പാന്‍ഡെമിക് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 43 സ്റ്റേറ്റുകളില്‍ ഒന്നാണ് വിസ്കോണ്‍സിന്‍. വിസ്കോണ്‍സിനിലെ കോവിഡ് -19 രോഗവിവരമനുസരിച്ചു 10,902 പേര്‍ക്കാണ് അസുഖം ബാധിച്ചത് . മരണസംഖ്യ 421 ആയി. ഏപ്രില്‍ 24 നു അവസാനിച്ച സ്റ്റേ അറ്റ് ഹോം ഉത്തരവ് മെയ് 26 വരെ നീട്ടികൊണ്ടുപോകുവാനുള്ള ഗവര്‍ണറുടെ നീക്കത്തിനാണ് കോടതിയുടെ തിരച്ചടി.