• പ്രത്യേക ലേഖകന്‍

ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ ജോലിക്കായെത്തിയ മലയാളി യുവതിയെ മുന്‍ ഭര്‍ത്താവും സുഹൃത്തും നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് യുവതി പോലീസിലും എഫ്ബിഐയിലും നല്‍കിയ പരാതിയുടെ പകര്‍പ്പ് ‘ആഴ്ചവട്ട’ത്തിനു ലഭിച്ചു. യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരെ സുഹൃത്തുക്കളാകാന്‍ ക്ഷണിക്കുകയും തുടര്‍ന്ന് യുവതിയുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്യുകയാണ് ഇവരുടെ വിനോദം.

യുവതിയുടെ ഡിപ്പന്‍ഡന്റ് വിസയില്‍ നാട്ടില്‍ നിന്നെത്തിയ ഭര്‍ത്താവ് എംപ്ലോയ്‌മെന്റ് ഓഥറൈസേഷനും സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡും കൈക്കലാക്കി മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ തട്ടിപ്പു കണ്ടെത്തിയ അമേരിക്കന്‍ ഗവണ്‍മെന്റ് ഇയാളെ ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്തു.എന്നാല്‍ ഇയാള്‍ ഇപ്പോഴും അനധികൃതമായി അമേരിക്കയില്‍ തന്നെയുണ്ടെന്നാണ് സൂചന.

നാട്ടില്‍ അവധിക്കെത്തിയ യുവതി വിവാഹപോര്‍ട്ടലില്‍ നിന്നുള്ള ആലോചനയെത്തുടര്‍ന്നാണ് ആലപ്പുഴക്കാരനായ യുവാവുമായി വിവാഹിതയാവുന്നത്. വിവാഹശേഷം വരന്റെ വീട്ടുകാര്‍ യുവതിക്ക് വിവാഹസമ്മാനമായി ലഭിച്ചിരുന്ന 143 പവന്‍ സ്വര്‍ണം സൂക്ഷിക്കാനാണെന്ന വ്യാജേന ഊരിവാങ്ങിയിരുന്നു. എന്നാല്‍, നാട്ടില്‍ കുടുംബകോടതിയില്‍ കേസ് നടക്കുന്നതു കൊണ്ട് ഇതിനെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. യുവതിയുടെ പ്രായമായ മാതാപിതാക്കള്‍ മാത്രമാണ് നാട്ടിലുള്ളത്. ഇതു സംബന്ധിച്ച് യുവതി നല്‍കിയ പോലീസ് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ യുവാവും സുഹൃത്തും യുവതിക്ക് വധഭീഷണി മുഴക്കിയിരുന്നു.

ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നതു പതിവാക്കിയ യുവാവും സുഹൃത്തും നിരവധി തവണയാണ് ഓസ്റ്റിനില്‍ താമസിക്കുന്ന യുവതിയെ അപമാനിച്ചത്. മലയാളി യുവതിയായ ഇവര്‍ക്ക് അമേരിക്കയില്‍ മറ്റു ബന്ധുക്കളൊന്നും തന്നെയില്ല. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ അമേരിക്കയിലെ മുന്‍നിര മലയാളമാധ്യമ ഓണ്‍ലൈന്‍പത്രമായ ആഴ്ചവട്ടത്തെ സമീപിച്ചത്. എമിഗ്രേഷന്‍ തട്ടിപ്പുനടത്താന്‍ വിവാഹത്തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെടുന്ന ആലപ്പുഴയിലെ പള്ളാത്തുരുത്തി സ്വദേശിയെയാണ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടെര്‍മിനേറ്റ് ചെയ്തത്.

കേരളമാട്രിമോണി വഴി ഇയാളും ഇയാളുടെ കുടുംബക്കാരും യുവതിയുടെ ബന്ധുക്കളെ വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നുവത്രേ. ബിടെക് എന്‍ജിനീയര്‍ ആണെന്നും മറ്റും കാണിച്ചായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ സമീപിച്ചത്. ഈ സമയം ന്യൂയോര്‍ക്കിലെ ആല്‍ബനിയിലെ സെറാടോഗസ്പ്രിങ്‌സ് എന്ന സ്ഥലത്ത് റെസ്റ്ററന്റ് നടത്തുകയായിരുന്ന ഇയാളുടെ സഹോദരിയുടെയും അളിയന്റെയും ഒപ്പം ടൂറിസ്റ്റ് വിസയില്‍ താമസിക്കുകയായിരുന്നു ഇയാള്‍. വിവാഹശേഷം യുവതിയുടെ വിസയിലേക്കു മാറി ടെക്‌സസില്‍ എത്തിയ ഇയാള്‍ അടുത്തദിവസങ്ങളില്‍ തന്നെ എംപ്ലേയ്‌മെന്റ് ഓഥറൈസേഷന്‍ കാര്‍ഡിന് അപേക്ഷിക്കുകയും ഏകദേശം മൂന്നുമാസത്തിനകം അതും സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡും കൈക്കലാക്കിയശേഷം മുങ്ങുകയുമായിരുന്നുവെന്നു യുവതി പറയുന്നു.

വലിയ ഒരു തട്ടിപ്പിന് ഇരയാവുകയാണെന്നു തിരിച്ചറിഞ്ഞ യുവതി സഹപ്രവര്‍ത്തകരുടെയും കൂട്ടുകാരുടെയും സഹായത്താല്‍ പോലീസിലും എമിഗ്രേഷനിലും വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന്, ഒരുമാസത്തെ അന്വേഷണത്തിന് ശേഷം, വെറും പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഇയാളുടെ തട്ടിപ്പുകള്‍ കണ്ടെത്തിയ യുഎസ് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇയാളുടെ വിസ റദ്ദാക്കുകയും രാജ്യത്തു നിന്നും പുറത്താക്കുകയുമായിരുന്നു. വിവാഹശേഷം വെറും 5 ദിവസം മാത്രം നാട്ടില്‍ ഉണ്ടായിരുന്ന യുവതിയുടെ 143 പവനോളമുള്ള സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ കുടുംബവും അന്നേ കൈക്കലാക്കിയിരുന്നു. മാത്രമല്ല, ഇയാളും കുടുംബവും ഒരു കുടുംബ സുഹൃത്തിനെ അമേരിക്കയിലെ എഫ്ബിഐ ഓഫീസര്‍ ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ഭീഷണിപ്പെടുത്തുകയും കെണിയില്‍പ്പെടുത്തി അപായപ്പെടുത്താന്‍ പദ്ധതിയിടുകയും ചെയ്തു.

പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഇവര്‍ ടെക്‌സസില്‍ നിന്നും ന്യൂയോര്‍ക്കിലെത്താന്‍ യുവതിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി. തലനാരിഴക്ക് രക്ഷപ്പെട്ട ഇവര്‍ കുടുംബസുഹൃത്തെന്ന വ്യാജേനയെത്തിയ പാലാ സ്വദേശിക്കെതിരേ എഫ്ബിഐയില്‍ പരാതി നല്‍കുകയും പിന്നീട് അയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇയാള്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാട്ടില്‍ താമസിക്കുന്ന മാതാപിതാക്കളെയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതൊന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോഴാണ് ജോലിസ്ഥലത്ത് നിരന്തരം അപമാനിക്കാനായി സമൂഹമാധ്യമങ്ങളെ കരുവാക്കുന്നത്. അമേരിക്കയിലെ ഒരു വിക്ടിം സര്‍വീസിന്റെ സഹായത്താല്‍ പെണ്‍കുട്ടിക്ക് വിവാഹമോചനം ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി തോരാക്കണ്ണീരുമായി കഴിയുന്ന ഈ യുവതിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ നരാധമന്മാരെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയും യുവതിക്ക് നീതിലഭിക്കുക എന്ന ഉദ്ദേശത്തോടും കൂടിയാണ് ആഴ്ചവട്ടം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. അശരണര്‍ക്ക് കൈത്താങ്ങായി എന്നും കൂടെയുള്ള മാധ്യമങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഈ മലയാളിയുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കൂടുതല്‍ തെളിവുകളും യുവതി കൈമാറിയിട്ടുണ്ട്.

(യുവതിയുടെ സ്വകാര്യതയെ മാനിച്ചാണ് പേരും, വിവരങ്ങളും പുറത്തുവിടാതിരിക്കുന്നത്.)