കോവിഡ് അനുബന്ധമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി രാജസ്ഥാന്‍. സാമൂഹിക അകലം പാലിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാനാണ് തീരുമാനം. രാജസ്ഥാന്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020ലെ നിര്‍ദേശങ്ങളനുസരിച്ചാണ് നടപടി.

ഓര്‍ഡിനന്‍സ് പ്രകാരം സാമൂഹിക അകലം ലംഘിക്കുന്നവര്‍ക്ക് 100 രൂപയാണ് പിഴ. അതേയമയം, വിവാഹം പോലുള്ള പരിപാടികളില്‍ 50ല്‍ അധികം പേര്‍ പങ്കെടുത്താല്‍ 10,000 രൂപയാണ് പിഴയായി ഈടാക്കുക. പാന്‍മസാല, ഗുഡ്ക്ക പോലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയാല്‍ ആയിരം രൂപയാണ് പിഴ. സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ വിവാഹം പോലുള്ള പരിപാടികള്‍ നടത്തിയാലും 5,000 രൂപ പിഴയീടാക്കും.

കൂടാതെ കടകളില്‍ മാസ്ക് ധരിക്കാതെ എന്ത് വില്‍പ്പന നടത്തിയാലും 500 രൂപ പിഴ ഈടാക്കും. പൊതു സ്ഥലത്ത് തുപ്പുക, പൊതു സ്ഥലത്തും ജോലിസ്ഥലത്തും മാസ്ക് ധരിക്കാതിരിക്കുക എന്നിവയ്ക്ക് 200 രൂപയാണ് പിഴ. പരസ്യമായി മദ്യം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ 500 രൂപയാകും പിഴയായി ഈടാക്കുക.