ദില്ലി:അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.

‘ബാക്കിയുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സര്‍വീസ് പുനഃരാരംഭിച്ചെന്നും നമ്മള്‍ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. മറ്റു രാജ്യങ്ങള്‍ എപ്പോഴാണോ വിമാനങ്ങള്‍ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍.’ വ്യോമയാന മന്ത്രി പറഞ്ഞു.

അതേസമയം, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് അഭംഗുരം തുടരും. ഈ അവസരത്തില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കണമെങ്കില്‍ രണ്ട് കേന്ദ്രങ്ങളും തയ്യാറായിരിക്കണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം നോക്കി കേസ് ടു കേസ് അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയും മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം ജൂലായില്‍ തുടങ്ങും. നാലാംഘട്ടത്തില്‍ 650 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇതുവരെ 540 വിമാനങ്ങള്‍ പ്രവാസികളെ കൊണ്ടുവന്നെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.