തിരുവനന്തപുരം: വിദേശത്ത് നിന്ന് സംസ്ഥാനത്ത് എത്തുന്നവരുടെ ക്വാറന്റീന്‍ മാര്‍ഗരേഖ പുതുക്കി. വിദേശത്ത് നിന്ന് വരുന്നവരില്‍ വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമുള്ളവര്‍ക്ക് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി ആവശ്യമായ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വന്തം വാഹനത്തിലോ, ടാക്‌സിയിലോ ഇവര്‍ക്ക് വീടുകളിലേക്ക് പോകാം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, പോലീസ്, കൊവിഡ് കെയര്‍ സെന്റര്‍, നോഡല്‍ ഓഫീസര്‍, ജില്ലാ കലക്ടര്‍ ഇവര്‍ക്കെല്ലാം ഇത് സംബന്ധിചച്ച്‌ വിവരം ശെകമാറും. നിശ്ചിത സമയത്തിനുള്ളില്‍ യാത്രക്കാരന്‍ വീട്ടില്‍ എത്തിച്ചേര്‍ന്നോയെന്ന് പോലീസ് ഉറപ്പാക്കും. വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്. ന്യുനതകളുണ്ടെങ്കില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷിതമായ ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വീട്ടിലുള്ളവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കും. കുട്ടികള്‍, പ്രായമായവര്‍ എന്നിവരുണ്ടെങ്കില്‍ പ്രത്യേകമായി തന്നെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. നിരീക്ഷണത്തിലുള്ള വ്യകതി ക്വാറന്റീന്‍ ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ പോലീസ് നിയമനടപടി സ്വീകരിക്കും. വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.