തിരുവനന്തപുരം : പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമ്ബോള്‍ ആദ്യ ആഴ്ച കേരളത്തില്‍ എത്തുന്നത് 3150 പ്രവാസികളാണ്. ഇതോടെ എയര്‍ പോര്‍ട്ടിലെത്തുന്ന പ്രവാസികളെ വീടുകളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. സൗജന്യ സര്‍വ്വീസ് നടത്തും.

എയര്‍പോര്‍ട്ടില്‍ നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ ഒരുക്കിയിട്ടുള്ള ക്വാറന്റൈന്‍ സൗകര്യങ്ങളിലേക്ക് മാറ്റും. എന്നാല്‍ വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ സാധിക്കാത്തവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെന്ററുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് പരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളിലേക്കോ ക്വാറന്റൈന്‍ സെന്ററുകളിലേക്കോ എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യമാണ് കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നത്. ലഗേജുകള്‍ അടക്കം കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള ബസുകളായിരിക്കും ഇതിനായി വിന്യസിക്കുക.