ഇളയ ദളപതി വിജയ്യും, വിജയ് സേതുപതിയും, കൈദി സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന മാസ്റ്ററിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. സിനിമ തിയേറ്ററിലേ റിലീസ് ചെയ്യൂവെന്ന് നിര്‍മാതാക്കളായ എക്‌സ്ബി ക്രിയേറ്റേഴ്‌സ് പ്രഖ്യാപിച്ചതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വന്നിരിക്കുന്നത്.

സിനിമാ നിര്‍മാണ വ്യവസായത്തിന് തിയേറ്ററുകള്‍ അത്യന്താപേക്ഷിതമാണ്. ‘മാസ്റ്റര്‍’ തിയേറ്ററിലായിരിക്കും റിലീസ് ചെയ്യുകയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. നടന്‍ വിജയ്‌യും സിനിമ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ മതിയെന്ന നിലപാടിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്‌ഫോം വഴി സിനിമ റിലീസ് ചെയ്യുന്നതിന് സമ്മര്‍ദ്ദങ്ങളും ഓഫറുകളുമുണ്ട്. എന്നാല്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്താല്‍ മതി. അതിനായയുള്ള കാത്തിരിപ്പിലാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും വിശദീകരണം നല്‍കിയ നിര്‍മാതാവ്, ട്രാവന്‍കൂര്‍ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിം സിനും കൊച്ചിന്‍ മലബാര്‍ ഏരിയയുടെ വിതരണ അവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണെന്ന് എക്‌സിബി ക്രിയേറ്റേഴ്‌സ് അറിയിച്ചു. മലയാളിയായ മാളവിക മോഹനാണ് മാസ്റ്ററില്‍ വിജയ്യുടെ നായിക.