ചെന്നൈ: കൊറോണ മഹാമാരിയെ വെല്ലുവിളിച്ച്‌ ഐഎസ്‌ആര്‍ഒ വീണ്ടും ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഈ മാസം 17ന് ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ് ഒന്ന് വിക്ഷേപിക്കും. വൈകിട്ട് 3.41ന് പിഎസ്‌എല്‍വി റോക്കറ്റില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് രാജ്യത്തിന്റെ 42ാമത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹം കുതിച്ചുയരുക. ഡിസംബര്‍ 14ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം മോശം കാലാവസ്ഥ കാരണം 17ലേക്ക് മാറ്റിവച്ചതാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍, ദുരന്ത നിവാരണത്തിനു വേണ്ട വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് സിഎംഎസ് ഒന്നിന്റെ പ്രധാന ദൗത്യങ്ങള്‍.

ഇന്‍സാറ്റ്, ജിസാറ്റ് എന്നീ ഉപഗ്രഹ പരമ്ബരകള്‍ക്കു ശേഷമുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹ പരമ്ബരയാണ് സിഎംഎസ്. അതിലെ ആദ്യ ഉപഗ്രഹമാണ് വ്യാഴാഴ്ച വിക്ഷേപിക്കുന്നത്. 2011ല്‍ അയച്ച ജിസാറ്റ് 12 ഉപഗ്രഹത്തിനു പകരമാണ് പുതിയത്.

എസ്‌എല്‍വി, പിഎസ്‌എല്‍വി, ജിഎസ്‌എല്‍വി എന്നിവ പോലെ ഐഎസ്‌ആര്‍ഒയുടെ അടുത്ത ശ്രേണിയില്‍പ്പെട്ട റോക്കറ്റായ എസ്‌എസ്‌എല്‍വി( സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് അടുത്തതായി നാം പരീക്ഷിക്കുന്നത്. 500 കിലോ വരെ മാത്രം ഭാരമുള്ള കുഞ്ഞുപഗ്രങ്ങള്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കാനുള്ളതാണ് ഇത്. ഒരു റോക്കറ്റിന് 30 കോടി രൂപയേ ചെലവു വരൂ. പിഎസ്‌എല്‍വി റോക്കറ്റിന് 120 കോടി വേണ്ടിടത്താണിത്. ആറു പേരുള്ള ഒരു സംഘത്തിന് വെറും ഏഴു ദിവസം കൊണ്ട് ഇത് കൂട്ടിച്ചേര്‍ക്കാം. പിഎസ്‌എല്‍വി പോലുള്ള കൂറ്റന്‍ റോക്കറ്റുകള്‍ കൂട്ടിയോജിപ്പിക്കാന്‍ 600 അംഗ സംഘത്തിന് മാസങ്ങള്‍ വേണം. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം ലഭ്യമിട്ടാണ് ഐഎസ്‌ആര്‍ഒ എസ്‌എസ്‌എല്‍വി റോക്കറ്റുകള്‍ രൂപകല്പ്പന ചെയ്തിട്ടുള്ളത്.

കൊറോണ പ്രതിസന്ധി

ഈ വര്‍ഷം ഇതുവരെ ജിസാറ്റ് 30 എന്ന ഒരൊറ്റ ഉപഗ്രഹം വിക്ഷേപിക്കാനേ ഐഎസ്‌ആര്‍ഒയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. 20 ഉപഗ്രഹങ്ങളും ആദ്യ സൂര്യ ദൗത്യമായ ആദിത്യ എല്‍ ഒന്നും ഈ വര്‍ഷം വിക്ഷേപിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ കൊറോണയെല്ലാം തുലച്ചു. ഇതില്‍ ആദിത്യ സുപ്രധാനമായ ദൗത്യമായിരുന്നു. ഭൂമിക്കും സൂര്യനും ഇടയ്ക്കുള്ള ലാഗ്രനിഗാന്‍ പോയിന്റിലേക്കാണ് ഇത് അയക്കുക. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് എല്‍ ഒന്ന് എന്ന ഈ പോയിന്റ്. ഇവിടെ ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം തുല്യമാണ്. അതിനാല്‍ ഉപഗ്രഹം ഏതെങ്കിലും ഒന്നിന്റെ മാത്രം സ്വാധീനത്തില്‍ പെട്ട് ആ ഗ്രഹത്തിലേക്ക് പതിക്കില്ല. ഈ പോയന്റിലുള്ള ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഉപഗ്രഹം അതേ പഥത്തില്‍ തന്നെ തുടരും.