റിയാദ് > കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലച്ചുപോയ വിമാനസര്‍വീസുകള്‍ക്ക് പകരമായി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി വന്ദേഭാരത് മിഷന്‍ പദ്ധതി പ്രകാരം കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയ വിമാനസര്‍വീസുകള്‍ തീര്‍ത്തും അപര്യാപ്തമാണെന്നും ആവശ്യമായ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചു നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു മുഴുവന്‍ പ്രവാസികളെയും ഉടനടി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും റിയാദ് കേളി കലാസാംസ്കാരിക വേദി.

മതിയായ യാത്ര സൗകര്യങ്ങളില്ലാതെ നിരവധി പ്രവാസികള്‍ ഇപ്പോഴും സൗദിയുടെ പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. അവരില്‍ പലരും ഗര്‍ഭിണികളും, സന്ദര്‍ശക വിസയില്‍ എത്തിയവരും, ജോലി നഷ്ടപ്പെട്ടവരും, പലവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമാണ്. ചില സാമൂഹ്യ സംഘടനകളും സ്ഥാപനങ്ങളും ചാര്‍ട്ടേഡ് വിമാനസര്‍വീസുകള്‍ ഒരുക്കുന്നുണ്ടെങ്കിലും അതൊന്നും തിരിച്ചു പോകാന്‍ തയ്യാറായവര്‍ക്ക് വേണ്ടി തികയാതെ വരികയാണ്. കൂടാതെ അവയില്‍ ചിലത് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറം ഉള്ള ടിക്കറ്റ് നിരക്കാണ് ഈടാക്കി കൊണ്ടിരിക്കുന്നത്.

ഇത്തരം പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് അനുവദിക്കണമെന്നും അവയില്‍ യാത്രക്കാര്‍ക്ക് പി പി ഇ കിറ്റുകള്‍ ലഭ്യമാക്കണമെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.