വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാഘോഷങ്ങൾക്ക് വേദിയായി. മട്ടാഞ്ചേരിയിലാണ് സംഭവം.
മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകൻ നിയാസിന്റേയും ഫോർട്ട് കൊച്ചി കുന്നുംപുറം പള്ളിപറമ്പിൽ പരേതനായ ലുക്ക്മാന്റെ മകൾ ഫായിസയുടേയും വിവാഹം വ്യാഴാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. ഇതിനിടെ ബുധനാഴ്ച ഫായിസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് വധുവിനെ മട്ടാഞ്ചേരി ടൗൺഹാളിൽ പ്രവർത്തിക്കുന്ന കൊവിഡ് രോഗി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
വിവാഹം മാറ്റിവയ്ക്കണമെന്നതടക്കം വാദങ്ങൾ ഉയർന്നെങ്കിലും കല്യാണം നടത്താൻ തന്നെ ബന്ധുക്കൾ തീരുമാനിച്ചു. മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹിയുദ്ദീൻ പള്ളിയിൽവച്ച് നടന്ന ചടങ്ങിൽ ഫായിസയുടെ പിതൃ സഹോദരൻ വരന് നിക്കാഹ് ചെയ്ത് കൊടുത്തു.
ഈ സമയം മട്ടാഞ്ചേരി ടൗൺഹാളിൽ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ഫായിസ. കൂടെയുണ്ടായിരുന്ന രോഗികൾ ചേർന്ന് ടൗൺഹാൾ ആഘോഷ കേന്ദ്രമാക്കി മാറ്റി. വധുവിന് അണിയാനുള്ള വസ്ത്രങ്ങളും മറ്റും ബന്ധുക്കൾ തലേദിവസം വൈകിട്ട് എത്തിച്ചു നൽകിയിരുന്നു.