തിരുവനന്തപുരം: ലോക്ഡൗണില്‍ ആളൊഴിഞ്ഞ റോഡിലൂടെ ചീറിപ്പാഞ്ഞ ലക്ഷത്തിലധികം േപര്‍ക്ക് ‘പണി’ വരുന്നു. ആരും നിരീക്ഷിക്കുന്നില്ലെന്ന് കരുതി ആക്സിലേറ്ററില്‍ ആഞ്ഞ് ചവിട്ടി 100 കി.മീ. മുകളില്‍ സ്പീഡില്‍ ചീറിപ്പാഞ്ഞ ലക്ഷത്തിലധികം വാഹനങ്ങളാണ് വിവിധയിടങ്ങളില്‍ പൊലീസും േമാേട്ടാര്‍ വാഹനവകുപ്പും സ്ഥാപിച്ച കാമറക്കണ്ണുകളില്‍ കുടുങ്ങിയത്. ഇവര്‍ക്കെതിെര നിയമനടപടികള്‍ക്ക് തുടക്കമായി. പലരും അവശ്യസര്‍വിസ്, സന്നദ്ധപ്രവര്‍ത്തക വിഭാഗങ്ങളില്‍പെട്ടവരാണെന്നാണ് വിവരം.
അമിതവേഗത്തിന് നോട്ടീസ് ലഭിക്കുന്നവര്‍ പിഴയായി കുറഞ്ഞത് 1500 രൂപ അടക്കേണ്ടി വരും. കൊച്ചി ഉള്‍െപ്പടുന്ന ഉത്തര മേഖലയിലൂടെയാണ് വാഹനങ്ങള്‍ കൂടുതല്‍ ചീറിപ്പാഞ്ഞതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 24 മുതല്‍ മേയ് പത്തുവരെ കാലയളവില്‍ കാസര്‍കോട് മുതല്‍ കൊച്ചി വരെ റോഡുകളില്‍ ചീറിപ്പാഞ്ഞ 54,000 ത്തോളം വാഹനങ്ങളാണ് കാമറക്കണ്ണുകളില്‍ കുടുങ്ങിയത്.
തിരുവനന്തപുരം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ പൊലീസ് സഹായത്തോടെയാണ് കാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം മുതല്‍ കൊച്ചി വരെ ദേശീയപാതകളിലൂടെ അമിതവേഗത്തില്‍ ചീറിപ്പാഞ്ഞ അരലക്ഷത്തിലധികം വാഹനങ്ങള്‍ കുടുങ്ങിയതായാണ് വിവരം. കോവിഡ് ചെക്കിങ് പോയന്റുകള്‍ക്ക് സമീപെത്ത കാമറകളിലും പലരും കുടുങ്ങിയിട്ടുണ്ട്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള വേഗനിയന്ത്രണമാണ് നിരീക്ഷണ കാമറയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.