ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യകിറ്റ് വിതരണത്തിന് ചെലവഴിച്ചത് ആയിരം കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെ റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് ഇന്ന് തുടക്കമായി. ഇതുകൊണ്ട് 88.42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യമായി ഭക്ഷ്യകിറ്റ് നൽകിയിരുന്നു. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവയടക്കം എട്ടിനം സാധനങ്ങൾ ഭക്ഷ്യകിറ്റിൽ ഉണ്ടാകും. അരിയും സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. റേഷൻ കട വഴി സൗജന്യ വിതരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനത്തെ സംബന്ധിച്ച് ഗുണമേന്മയുള്ള അരിയും സാധനങ്ങളും ലഭിക്കുന്നുണ്ട്. മുമ്പ് റേഷൻ കടയിൽ നിന്ന് അകന്ന ജനം റേഷൻ കടകളിലേക്ക് തിരിച്ചെത്തി. ഉയർന്ന വരുമാനമുള്ള ഇടത്തരക്കാരും റേഷൻ വാങ്ങുന്നുണ്ട്. 92 ശതമാനമാണ് റേഷൻ കടയിലെ വിതരണം. റേഷൻ വ്യാപാരികൾക്ക് തുച്ഛമായ കമ്മീഷനാണ് കിട്ടിയിരുന്നത്. ക്രമക്കേടിന്റെ പ്രധാന കാരണം ഇതായിരുന്നു. ഇവർക്ക് മാന്യമായ കമ്മീഷൻ ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.