ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഈ മാസം 30വരെ നീട്ടണമെന്ന് 10 സംസ്ഥാനങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിലെ കൊവിഡ് രോഗവ്യാപനം വിലയിരുത്തിയശേഷമേ കേന്ദ്രം തീരുമാനം പ്രഖ്യാപിക്കൂ. രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, അസാം, പഞ്ചാബ്, യു.പി, ജാര്‍ഖണ്ഡ്, ഛത്തീസ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, മൂന്നു ഘട്ടമായി പിന്‍വലിക്കാമെന്നാണ് കേരളത്തിന്റെ നിര്‍ദ്ദേശം.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കര്‍മ്മസമിതിയുടെ ഈ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി.
ശേഷിക്കുന്ന ഒരാഴ്ച നിര്‍ണായകമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ പ്രതികരിച്ചിരുന്നു. സാമ്ബത്തിക മേഖലയെക്കുറിച്ച് പിന്നീട് ചിന്തിക്കാം, ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ അതുപറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി സംസ്ഥാനങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്തെങ്കിലും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ താമസിയാതെ ചേരുന്ന യോഗത്തിലാകും അന്തിമ തീരുമാനം.