ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ബിസിനസുകാര്‍, ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മറ്റ് മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ശാഖകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ രാജ്യത്തേക്ക് വരാം. ഐ ടി സ്ഥാപനങ്ങള്‍, സാമ്ബത്തിക സ്ഥാപനങ്ങള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, ഡിസൈന്‍ യൂണിറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്കും ഇളവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബിസിനസ് വിസയില്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യയിലേക്ക് വരുന്ന വിദേശ വ്യവസായികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടുണ്ട്. ലബോറട്ടറികളും ഫാക്ടറികളും ഫാക്ടറികളും അടക്കമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എത്തുന്ന ഗവേഷകര്‍, ടെക്നീഷ്യന്മാര്‍ എന്നിവര്‍ക്കും രാജ്യത്തേക്ക് വരാം. ഇവര്‍ അംഗീകൃത സര്‍വ്വകലാശാലയുടെയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയുടെയോ ആരോഗ്യരക്ഷാ സ്ഥാപനത്തിന്റെയോ ക്ഷണപത്രം ഹാജരാക്കണം.

വിദേശത്ത് നിര്‍മ്മിച്ച യന്ത്രസാമഗ്രികളുടെ അറ്റകുറ്റപണികള്‍ക്കും നവീകരണത്തിനുമായെത്തുന്ന സാങ്കേതിക വിദഗ്ധര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. വിവിധ ആവശ്യങ്ങള്‍ക്കായി രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ വിസക്ക് അപേക്ഷ നല്‍കേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ ലഭിച്ച ഇലക്‌ട്രോണിക് വിസയുടെ ബലത്തില്‍ ആര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ ആകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.