ചണ്ഡിഗഡ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി പഞ്ചാബ് സര്‍ക്കാര്‍. കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചും സംസ്ഥാനത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കിയുമാവും ലോക്ക് ഡൗണ്‍ തുടരുകയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു. മെയ് അവസാനം വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. മെയ് 18 മുതല്‍ സംസ്ഥാനത്ത് കര്‍ഫ്യൂ ഉണ്ടാവില്ല. മിക്ക കടകളും കച്ചവടസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വ്യവസായങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ അനുവദിക്കുന്ന തരത്തിലാവും പഞ്ചാബിലെ എല്ലാ നഗരങ്ങളും തുറക്കുക. കൊവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്ന കണ്ടെയ്‌മെന്റ് സോണുകള്‍ മാത്രമേ പൂര്‍ണമായും അടയ്ക്കുകയുള്ളൂ.

മെയ് 18 മുതല്‍ ഇത് പ്രാബല്യത്തിലാവും. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വൈറസിന് പരിഹാരം കണ്ടെത്തുന്നതുവരെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയില്ല. രോഗം പടരുന്നത് പരിശോധിക്കാന്‍ സാമൂഹിക അകലം അനിവാര്യമാണ്. കുട്ടികള്‍ക്ക് അവരുടെ പഠനം നഷ്ടപ്പെടുന്നതായി തനിക്കറിയാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാന്‍ ഞങ്ങള്‍ സ്‌കൂളുകളെ പ്രോല്‍സാഹിപ്പിക്കുകയാണ്. സ്വകാര്യസ്‌കൂളുകള്‍ ഈവര്‍ഷം ഫീസ് വര്‍ധനവ് വരുത്തില്ല. തിരഞ്ഞെടുത്ത പൊതുഗതാഗതവും തിങ്കളാഴ്ച മുതല്‍ നിരത്തിലിറങ്ങും. മെയ് 18ന് ശേഷം നാലാംഘട്ട ലോക്ക് ഡൗണില്‍ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ തിങ്കളാഴ്ചയോടെ ലോക്ക് ഡൗണ്‍ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. പൊതുജനങ്ങളുടെ സഹായവും സഹകരണവുമില്ലാതെ സര്‍ക്കാര്‍ നടപടികള്‍ വിജയിക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 60,000 പഞ്ചാബികളും മറ്റ് രാജ്യങ്ങളില്‍നിന്ന് 20,000 പേരും വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് തിരികെയെത്തും. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മെയ് 31 നകം കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കാനും ലോക്ക് ഡൗണ്‍ ഒഴിവാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.