തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ്
മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് ലോക്ക്ഡൗണില്‍നിന്ന് ഇളവു ലഭിക്കണം. റാപിഡ് ടെസ്റ്റിങ്ങിനായുള്ള കിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഏപ്രില്‍ 30 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ ആവശ്യപ്പെട്ടു. കെജരിവാളും പറഞ്ഞു.

ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏപ്രില്‍ 30വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. നാല് മണിക്കൂര്‍ നേരമാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് നീണ്ടത്.