മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് ലളിതമായ ചടങ്ങില്‍ വിവാഹിതയായി ഈ സബ് കളക്ടര്‍. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെഎസ് അഞ്ജുവാണ് കൊവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായത്.
സബ്കലക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടിലായിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശിയും അഹല്യ ആശുപത്രിയില്‍ ഓഫ്താല്‍മോളജിസ്റ്റുമായ ഡോ. ജെ നവറോഷ് ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു.
അതേസമയം, കൊവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്ക് അവധി നല്‍കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഈ സബ് കളക്ടര്‍. ഉടന്‍ തന്നെ അഞ്ജു ഡ്യൂട്ടിയില്‍ പ്രവേശിക്കും. കോഴിക്കോട് സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെഎസ് അഞ്ജു 2017 കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്.