ദോഹ: ലോകത്തെ മികച്ച മൂന്നാമത്തെ വിമാനത്താവളമായി ഖത്തര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ തെരഞ്ഞെടുത്തു. സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് 2020ാണ് ഖത്തര്‍ എയര്‍പോര്‍ട്ടിന് ലഭിച്ചത്. മാത്രമല്ല മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളമായും ഇതിനെ തെരഞ്ഞെടുത്തു.

2014 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഖത്തര്‍ ഹമദ് എയര്‍പോര്‍ട്ട് ലോക റാങ്കിങില്‍ ഓരോ വര്‍ഷവും നില മെച്ചപ്പെടുത്തുന്നുണ്ട്. 2019 ല്‍ നാലാം സ്ഥാനത്തായിരുന്ന എയര്‍പോര്‍ട്ടാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

സ്‌കൈട്രാക്‌സ് 550 ഓളം എയര്‍പോര്‍ട്ടുകളെ ഉള്‍പ്പെടുത്തി യാത്രക്കാരില്‍ നിന്ന് അഭിപ്രായശേഖരണം നടത്തിയാണ് റാങ്കിങ് നടത്തുന്നത്. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ടായി ഖത്തറിനെ തെരഞ്ഞെടുക്കുന്നത് തുടര്‍ച്ചയായ ആറാമത്തെ വര്‍ഷമാണ്.

അതേസമയം, ജീവനക്കാരുടെ സേവനങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ ഖത്തര്‍ എയര്‍പോര്‍ട്ടിന് ഒന്നാം സ്ഥാനം ലഭിക്കുന്നത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്.