വാഷിംഗ്ടണ്‍ ഡിസി: കോവിഡ് കാലത്ത് ലോകാരോഗ്യ സംഘടനയ്ക്കെതിരായ കടന്നാക്രമണങ്ങൾ തുടർന്ന് അമേരിക്ക. ഡബ്ല്യുഎച്ച്ഒയ്ക്ക് ചൈനയോട് പ്രത്യേക താത്പര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ തന്നെ എല്ലാവരും വിമർശിച്ചുവെന്നും എന്നാൽ അത് വാസ്തവമാണെന്നും ട്രംപ് ആവർത്തിച്ചു.
ബുധനാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെയടക്കം വിവരങ്ങൾ നൽകുന്നതിനു നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് വീണ്ടും ഡ്ബ്ല്യുഎച്ച്ഒയെ രൂക്ഷമായി വിമർശിച്ചത്.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പ്രത്യേക താത്പര്യമുണ്ട് എന്ന തന്നെ ആവർത്തിക്കുന്നു. ഇക്കാര്യത്തേക്കുറിച്ച് അമേരിക്ക കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. അതിനു ശേഷം പ്രതിവർഷം നൽകാറുള്ള തുക സംബന്ധിച്ച് തീരുമാനിക്കും- ട്രംപ് പറഞ്ഞു.58 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിവർഷം അമേരിക്ക ഡബ്ല്യുഎച്ച്ഒയ്ക്ക് നൽകുന്നത്.
വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. കാര്യങ്ങളേക്കുറിച്ച് വ്യക്തമായി പഠിക്കുമെന്നും പ്രാഥമിക ഘട്ടത്തിൽ, ട്രംപ് പറഞ്ഞതു പോലെ ഇനി ഫണ്ട് നൽകേണ്ടെന്നാണ് തീരുമാനമെന്നും പോംപിയോ വ്യക്തമാക്കി.