മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയും സുശാന്തിന്‍റെ മാനേജര്‍ സാമുവല്‍ മിറാണ്ടയും നാര്‍കോട്ടിക് കംട്രാള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഇവരുടെ വീട് പരിശോധിച്ചിരുന്നു.
ഷൗവികിന്‍റെ നിര്‍ദേശ പ്രകാരമാണ് മയക്കുമരുന്ന് സംഘടിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ബസിത് പരിഹാര്‍ എന്‍.സി.ബിയോട് വെളിപ്പെടുത്തിയിരുന്നു. ബസിത് പരിഹാര്‍, അറസ്റ്റിലായ മറ്റൊരു പ്രതി സായിദ് വിലത്ര എന്നിവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി സാമുവലും സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ സുശാന്തിനു മയക്കുമരുന്ന് നല്‍കിയതായി ഷൗവികും സമ്മതിച്ചതായി എന്‍.സി. ബി വൃത്തങ്ങള്‍ പറഞ്ഞു.