തിടനാട് (കോട്ടയം) ∙ കൊണ്ടൂർ ലക്ഷംവീട് കോളനിയിൽ 3 സെന്റിൽ താമസക്കാരനായ തളിയിൽ ദേവസ്യയ്ക്കു ജല അതോറിറ്റി നൽകിയ ബില്ല് കണ്ടാൽ ആരും വെള്ളം കുടിച്ചുപോകും. കൂലിപ്പണിക്കാരനായ ദേവസ്യയ്ക്കു ദ്വൈമാസ ബില്ലും കുടിശികയും പിഴയും എല്ലാം ചേർത്തു നൽകിയിരിക്കുന്നത് 31,82,577 രൂപ! 4 മാസം മുൻപു ദേവസ്യയുടെ കണക്‌ഷനിലെ മീറ്റർ കേടായി. ഈരാറ്റുപേട്ട ഓഫിസിലെത്തി പരാതി നൽകി. പുതിയ മീറ്റർ പാലായിൽ നിന്നു വാങ്ങാൻ നിർദേശം നൽകി.

ഇതനുസരിച്ചു മീറ്റർ വാങ്ങി. എന്നാൽ ജല അതോറിറ്റി ജീവനക്കാർ ഇതു ഘടിപ്പിച്ചു നൽകിയില്ല. സാധാരണ ഒരു ബില്ലിൽ 300 രൂപയിൽ കൂടുതൽ‌ വരാറില്ലെന്നു ദേവസ്യ പറയുന്നു. കേടുവന്ന മീറ്ററിനു പകരം പുതുതായി വാങ്ങിവച്ച മീറ്റർ ഘടിപ്പിക്കാൻ പോലും തയാറാകാത്ത ജല അതോറിറ്റിയാണ് ഇത്രയും ഭീമമായ തുക പിഴയടയ്ക്കാൻ ബില്ല് നൽകിയത്. ഓഫിസുകൾ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. ആരെങ്കിലും ഇടപെട്ട് പിഴ ഒഴിവാക്കിക്കിട്ടുമെന്ന പ്രതീക്ഷയിലാണു ദേവസ്യ.