ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ മള്‍ട്ടി പര്‍പ്പസ് സ്റ്റാളുകളില്‍ മാസ്‌കുകള്‍, കൈയുറകള്‍, ഹാന്റ് സാനിറ്റൈസര്‍, കിടക്കവിരി കിറ്റുകള്‍ എന്നിവ വില്‍ക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. കൊവിഡ് 19 അണുബാധ പരിശോധനയ്ക്കുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യാത്ര പോവുമ്ബോള്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്റ് സാനിറ്റൈസറുകളും പുതിയ കിടക്കവിരികളും വേണം. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷമുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് കിടക്കവിരികളും തലയിണകളും നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്വകാര്യ കരാറുകാര്‍ നടത്തുന്ന പ്ലാറ്റ്‌ഫോമുകളിലെ സ്റ്റാളുകളില്‍ ശുചീകരണത്തിന് ആവശ്യമായ ഇനങ്ങള്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. ടോയ്‌ലറ്ററികള്‍, പുസ്തകങ്ങള്‍, ആന്റി ബയോട്ടിക് മരുന്നുകള്‍, പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്കു പുറമേ കൊറോണ വൈറസില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കാന്‍ ആവശ്യമായ അവശ്യവസ്തുക്കള്‍ സ്റ്റാളുകളില്‍ നിന്ന് വില്‍ക്കാമെന്നാണ് റെയില്‍വേ ബോര്‍ഡ് തീരുമാനം.
‘ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ചില ഇനങ്ങള്‍ ആവശ്യമായി വന്നേക്കാം. അത് വീട്ടില്‍ നിന്ന് ലഭിക്കാന്‍ മറന്നാല്‍ അവര്‍ വാങ്ങേണ്ടിവരും. അത് റെയില്‍വേയുടെ സ്റ്റാളുകളില്‍ വില്‍ക്കാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എംആര്‍പി തുകയിലാണ് വില്‍ക്കേണ്ടത്. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ബെഡ് റോള്‍ കിറ്റുകളില്‍ തലയിണകള്‍, പുതപ്പുകള്‍, തൂവാലകള്‍ എന്നിവ ഉള്‍പ്പെടും. കൊവിഡ് 19 പ്രതിരോധത്തിനു വേണ്ട എല്ലാ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുന്ന വിധത്തില്‍ ഇത് ചെയ്തതെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി.