തിരുവനന്തപുരം : സംസ്ഥാനത്ത് സമൂഹ വ്യാപനം കണ്ടെത്താന്‍ രണ്ടുദിവസങ്ങളിലായി നടത്തിയ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ രോഗബാധിതരുടെ എണ്ണം കൂടുതല്‍ എന്നു കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റാപ്പിഡ് ടെസ്റ്റില്‍ ഇരുപത്തഞ്ചിലേറെപ്പേര്‍ കൊവിഡ് പോസിറ്റീവ് ആയി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പി.സി.ആര്‍ ടെസ്റ്റിന് ശേഷമേ ഇക്കാര്യം സ്ഥികരീകരിക്കാനാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകരും ശുചീകരണ തൊഴിലളികളും ഉള്‍പ്പെടെ 11 ദിവസത്തിനിടെ സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം 101 ആയി ഉയര്‍ന്നിരുന്നു.
വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്ന പരിശോധന പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് ഈ മാസം മാത്രം സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 78 ആയി ഉയര്‍ന്നു. പ്രവാസികളെത്തിത്തുടങ്ങിയ മേയ് 7 മുതല്‍ ഇന്നലെ വരെ 39 ആരോഗ്യപ്രവര്‍ത്തകരടക്കം 188 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടത് ആശങ്കപ്പെടുത്തുന്നതെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്കി. ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം , കോഴിക്കോട് ജില്ലകളില്‍ രോഗബാധ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാനും ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.