റഷ്യയുടെ കൊറോണ വാക്സിന്‍ ഉടന്‍ ഇറക്കുമാതിചെയ്യാന്‍ ഇന്ത്യ തയ്യാറല്ലെന്ന് സൂചനകള്‍. വാക്സിന്‍ പരീക്ഷണം നടത്താന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും വാക്സിന്‍റെ ഉപയോഗവും ഫലവും കണ്ടറിഞ്ഞ ശേഷമാകും ഇന്ത്യ തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലാദ്യമായി കൊറോണ വാക്സിന്‍ രജിസ്റ്റര്‍ ചെയ്തത് റഷ്യയാണ്.

റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്ന് അവകാശപ്പെടുന്ന വാക്സിന്‍ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇന്ത്യയില്‍ ലഭ്യമാക്കൂ. അടിയന്തര സാഹചര്യത്തില്‍ പരീക്ഷണങ്ങള്‍ ഒഴിവാക്കി വാക്സിന്‍ നല്‍കാന്‍ വകുപ്പുണ്ടെങ്കിലും ഇന്ത്യ അത് നടപ്പാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓക്സ്ഫോര്‍ഡ് വികസിപ്പിക്കുന്ന വാക്സിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ഓക്സ്ഫോര്‍ഡ് വാക്സിന്‍ പരീക്ഷണ൦ സംബന്ധിച്ച്‌ ഇന്ത്യന്‍ കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറുണ്ട്. എന്നാല്‍, റഷ്യയുമായി ഇന്ത്യ കരാറില്‍ ഒപ്പിട്ടിട്ടില്ല. ഇത് വാക്സിന്‍ ഇന്ത്യയിലെത്തുന്നത് വൈകിപ്പിച്ചേക്കുമെന്നാണ് സൂചന