രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ തമിഴ്‌നാട് സ്ഥാനം പിടിച്ചു. ത്രിപുരയില്‍ ഒരു ബിഎസ്.എഫ് ജവാനും 15 കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 62,939 ആയി. 2109 പേര്‍ മരിച്ചു.

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 398 പോസിറ്റീവ് കേസുകളും 21 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 278 കൊവിഡ് കേസുകളും 18 മരണവും അഹമ്മദാബാദിലാണ്. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകള്‍ 8195 ഉം മരണം 493 ഉം ആയി. അഹമ്മദാബാദില്‍ കൊവിഡ് ബാധിച്ച്‌ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു. 669 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാട് ഡല്‍ഹിയെ കടത്തിവെട്ടി. ഇതില്‍ 509 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് 7,204 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 47 ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 6923 ആണ്. രാജസ്ഥാനില്‍ ആകെ പോസിറ്റീവ് കേസുകള്‍ 3814 ഉം മരണം 108 ഉം ആയി. ഉത്തര്‍പ്രദേശില്‍ 102 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.