ജോധ്പൂര്‍: പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റ കുടുംബത്തെ രാജസ്ഥാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ 11 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദെച്ചു മേഖലയിലെ ലോദ്ട ഗ്രാമത്തിലാണ് 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഒരാള്‍ മാത്രം രക്ഷപെട്ടു.
കഴിഞ്ഞ രാത്രിയിലാണ് കുടുംബാംഗങ്ങളുടെ മരണം സംഭവിച്ചത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തതയില്ലെന്നാണ് രക്ഷപെട്ടയാള്‍ പറയുന്നതെന്ന് റൂറല്‍ എസ്.പി രാഹുല്‍ ബര്‍ഹത് പറഞ്ഞു. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. വിഷാംശമുള്ള എന്തോ രാസവസ്തു കഴിച്ചാണ് എല്ലവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക കൂടാരത്തിനുള്ളില്‍ നിന്ന് എന്തോ രാസവസ്തുവിന്റെ ഗന്ധം തിരിച്ചറിഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ഭില്‍ വിഭാഗത്തില്‍ നിന്നുള്ള കുടുംബമാണ് മരിച്ചത്. രാജസ്ഥാനിലേക്ക് കുടിയേറിയ ഇവര്‍ കൃഷി ചെയ്യാന്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് തന്നെയാണ് താമസിച്ചിരുന്നത്. മരിച്ചവരുടെ ശരീരത്തില്‍ പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
കുടുംബാംഗങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ മരണം സംബന്ധിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. കൂടാതെ ശാസ്ത്രീയ പരിശോധനകളുടെ ഫലവും ലഭിക്കാനുണ്ട്.