മഞ്ജു വാരിയരുടെ ഏറ്റവും പുതിയ ചിത്രമാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്തിരിക്കുന്ന “എ’ഹർ’ അഥവ “കയറ്റം എന്ന ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം എ ആർ റഹ്മാൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തിറക്കുകയുണ്ടായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേർന്ന് കൊണ്ടാണ് അദ്ദേഹം ട്രെയ്ലർ പ്രേക്ഷകരുമായി പങ്കു വെച്ചത്. പ്രേക്ഷകരിൽ ആകാംക്ഷ നിറക്കുന്ന നിഗൂഢതകൾ നിറഞ്ഞ ട്രെയ്‌ലർ ഇപ്പോൾ തന്നെ തരംഗമായി കഴിഞ്ഞിരിക്കുന്നു.
ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ മഞ്ജു വാരിയരും സംഘവും പ്രളയക്കെടുതിയിൽ അകപ്പെട്ടത് വാർത്തയായിരിന്നു. ഈ ചിത്രത്തിന് വേണ്ടി പ്രത്യേകതരത്തിലുള്ള ഭാഷ ഉപയോഗിച്ചത് പ്രയോജനം ചെയ്തു എന്നാണ് ട്രെയ്‌ലർ തരംഗമായതോടെ തെളിഞ്ഞിരിക്കുന്നത്. അപരിചിതരായ രണ്ട് വ്യക്തികൾ ഒരുമിച്ചു സഞ്ചരിക്കുന്ന മനോഹരമായ ഒരു കഥ പറയുന്ന ചിത്രമാണ് “എ’ഹർ’ അഥവ “കയറ്റം”.
മായ എന്ന പേരുള്ള നിഗൂഢതകൾ നിറഞ്ഞ , പ്രവചിക്കാനാവാത്ത സ്വഭാവ സവിശേഷതയുള്ള ഒരു സ്ത്രീയായിട്ടാണ് മഞ്ജു വാരിയർ ഈ ചിത്രത്തിൽ വേഷമിടുന്നത്. അപരിചിതരായ ഒരു കൂട്ടം സഞ്ചാരികൾ ഹിമാലയത്തിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മഞ്ജുവിനെ കൂടാതെ ഈ ചിത്രത്തിൽ ഗൗരവ് രവീന്ദ്രൻ , സുജിത് കോയിക്കൽ , ഭുപേന്ദ്ര ഖുറാന എന്നിവർ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംവിധായകൻ ആയ സനൽകുമാർ ശശിധരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും , എഡിറ്ററും , സൗണ്ട് ഡിസൈനറും. ഷാജു മാത്യുവും അരുണ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു വാരിയരും സനൽകുമാർ ശശിധരനും ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്. തീർച്ചയായും ഈ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റും എന്ന് തന്നെയാണ് സംവിധായകനായ സനൽകുമാർ ശശിധരന്റെ അഭിപ്രായം.