ന്യൂഡല്‍ഹി: രണ്ടുമാസത്തിനുള്ളില്‍ ആള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​ 92 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​. ഒരു ഫാക്കല്‍റ്റി, രണ്ട്​ റസിഡന്‍റ്​ ഡോക്​ടര്‍മാര്‍, 13 നഴ്​സുമാര്‍, 45 സെക്യൂരിറ്റി ഗാര്‍ഡ്​, 12 ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ടെക്​നീഷ്യന്‍മാര്‍, ​ആ​ശുപത്രി അറ്റന്‍ഡര്‍മാര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവരും രോഗം സ്​ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും.

മേയ്​ 16ന്​ ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഒരാള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന്​ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ​േത്താളം പേരെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചതായി എയിംസ്​ മെഡിക്കല്‍ സൂപ്രണ്ട്​ ഡോ.​ഡി.കെ. ശര്‍മ അറിയിച്ചു.

രാജ്യത്ത്​ 24 മണിക്കൂറിനിടെ 5242 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം 96,169 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 157 മരണം 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്​ ചെയ്​തതോടെ രാജ്യത്തെ മരണസംഖ്യ 3029 ആയി.