അബൂദബി: യു.എ.ഇയില്‍ 15 ദിവസത്തിനുള്ളില്‍ 25,000 കോവിഡ്-19 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍. മാസ്ക് ധരിക്കാത്ത നിയമലംഘനങ്ങളാണ് പട്ടികയില്‍ ഒന്നാമതെന്ന് ദേശീയ അടിയന്തര ദുരന്തനിവാരണ സമിതി ഔദ്യോഗിക വക്താവ് ഡോ. സെയ്ഫ് അല്‍ ദാഹിരി അറിയിച്ചു. വാഹനത്തിനകത്ത് മൂന്നില്‍ കൂടുതല്‍ പേര് യാത്ര ചെയ്ത നിയമലംഘനമാണ് രണ്ടാമത്.
ദുബൈ എമിറേറ്റിലാണ് ഏറ്റവുമധികം നിയമലംഘനം കണ്ടെത്തിയത്. തൊട്ടുപിന്നില്‍ അബൂദബി, ഷാര്‍ജ, അജ്മാന്, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലാണെന്നും അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി. നിയമലംഘകരില്‍ മുന്നില്‍ ഏഷ്യന്‍ സ്വദേശികളാണ്. 81 ശതമാനം. അറബികള്‍ 19 ശതമാനവും നിയമം ലംഘിച്ചു.
കോവിഡ് പോസിറ്റിവ് കേസുകളില്‍ 62 ശതമാനം പുരുഷന്മാരിലാണ് കണ്ടെത്തിയത്. ഒരാഴ്ചക്കിടെ രാജ്യത്ത് 6643 കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 58 ശതമാനവും 25നും 44നും ഇടയില്‍ പ്രായമുള്ളവരാണ്. മരണനിരക്ക് 0.1 ശതമാനത്തില്‍നിന്ന് 0.3 ശതമാനമായി ഉയര്‍ന്നു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കണ്ടെത്തുന്നത് വളരെ പ്രയാസകരമായ ജോലിയാണ്.കോവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കിലും രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്നും യു.എ.ഇ സര്‍ക്കാര്‍ വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദി പറഞ്ഞു.