സംസ്ഥാനത്ത് ആശങ്കയായി കോവിഡ് മരണനിരക്ക് ഉയരുന്നു. ഇന്നലെ 188 മരണമാണ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്പോഴും മലപ്പുറത്ത് സ്ഥിതി രൂക്ഷമാണ്.
കോവിഡ് ആദ്യ തരംഗത്തില്‍ മരണം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞെങ്കിലും രണ്ടാം തരംഗത്തില്‍ മരണ നിരക്ക് കുതിക്കുകയാണ്. ഇന്നല 188 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. അഞ്ച് ദിവസത്തിനിടെ 746 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 7358 ആയി. ഇതില്‍ 1604 പേര് 41നും 59നും ഇടയിലുള്ളവരാണ്. ആറാഴ്ചയ്ക്കിടെ രോഗം ബാധിച്ചവരിലെ മരണമാണ് ഇപ്പോഴുണ്ടാകുന്നത്. ഇതനുസരിച്ച് വരുംദിവസങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കാനാണ് സാധ്യത.
രോഗബാധിതരുടെ എണ്ണം കുറയുന്നത് ലോക്ക് ഡൗണ്‍ ഫലപ്രദമെന്നതിന്റെ സൂചനയാണ്. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്തും എറണാകുളത്തും കേസുകളില്‍ കുറവുണ്ട്. എന്നാല്‍ മലപ്പുറത്ത് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. ട്രിപ്പിള്‍ ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.
ഇന്നലെ 25,820 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്നലെ 25,820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്ബിളുകളാണ് പരിശോധിച്ചത്.



